പാമ്പുകൾക്ക് മാത്രമായി ഒരു ദ്വീപുണ്ടെന്ന് കേട്ടാൽ ഒട്ടും സംശയിക്കേണ്ട, അത് ബ്രസീലിലെ ഇലാ ക്വിമാഡെ ഗ്രാൻഡ് എന്ന ദ്വീപാണ്. സാവോ പോളോയിൽനിന്ന് 144 കി.മീ മാറി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇവിടത്തുകാരുടെ പേടിസ്വപ്നംകൂടിയാണ്.
ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വർണത്തലയൻ അണലികളുടെ വാസസ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയിൽ അണലികൾ ഇവിടെയുണ്ടെന്നാണു നിഗമനം. ഇവയുടെ കടിയേറ്റാൽ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. എന്നാൽ, ഈ ഗണത്തിൽ പെട്ട പാമ്പുകൾ ലോകത്ത് മറ്റെവിടെയുമില്ലെന്നതാണ് രസകരമായ വസ്തുത.
മനുഷ്യവാസമില്ലാതെ കിടക്കുന്ന ഈ ദ്വീപിന്റെ ആധിപത്യം ഇപ്പോൾ ഇവിടുത്തെ പാമ്പുകൾക്കാണ്. കടൽക്കൊള്ളക്കാർ തങ്ങളുടെ കൊള്ളമുതൽ ഒളിപ്പിച്ചിരുന്നതിവിടെയാണെന്നും അതു സൂക്ഷിക്കാനായി പാമ്പുകളെ ദ്വീപിലെത്തിച്ചതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. മനുഷ്യരാരും തന്നെ ഇവിടെയെത്താറില്ല.
അഥവാ പഠനങ്ങൾക്കോ മറ്റാവശ്യങ്ങൾക്കോ ഇവിടേക്ക് ആർക്കെങ്കിലും എത്തണമെങ്കിൽ നാവികസേനയുടെ പ്രത്യേക സംഘവും ഒപ്പമുണ്ടാകും. പാമ്പുകടിയേറ്റാൽ പ്രയോഗിക്കാനുള്ള പ്രതിവിഷവും കൈയിൽ കരുതും. പ്രധാനമായും ദേശാടനപക്ഷികളാണ് ഈ സ്വർണത്തലയൻ അണലികളുടെ പ്രധാന ഭക്ഷണം.