മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരമായ കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാൽ- കമൽ ചിത്രങ്ങൾ. ഉണ്ണികളെ ഒരു കഥപറയാം, വിഷണു ലോകം, ഉള്ളടക്കം എന്നീ ചിത്രങ്ങൾ മോഹൻലാൽ എന്ന നടന്റെയും കമൽ എന്ന സംവിധായകന്റെയും പ്രതിഭകൾ തമ്മിൽ മാറ്റുരച്ചപ്പോൾ പിറന്ന സൃഷ്‌ടികളാണ്. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും മലയാളിയുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് ഇവ ഓരോന്നും. തന്റെ ആദ്യചിത്രം റിലീസ് ആകുന്നതിന് മുമ്പു തന്നെ അടുത്ത ചിത്രത്തിന് തനിക്ക് അവസരം നൽകിയ താരമാണ് മോഹൻലാലെന്ന് പറയുകയാണ് കമൽ. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ താരപകിട്ടിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
അഭിമുഖത്തിൽ നിന്ന്
'മിഴിനീർ പൂവുകൾ എന്ന ചിത്രത്തിൽ ലാൽ അഭിനയിച്ചു കഴിഞ്ഞ് ഡബ്ബിംഗ് നടക്കുകയാണ്. നിർമ്മാതാവ് സെഞ്ച്വറി കൊച്ചുമോനോട് എന്നെ കുറിച്ച് വളരെ പോസിറ്റീവ് ആയി ലാൽ സംസാരിച്ചു. പിറ്റേ ദിവസം രാവിലെ എന്നെ വിളിച്ച് സെഞ്ച്വറി ഫിലിംസ് വരെ വരാൻ പറ്റുമോ എന്ന് ചോദിച്ചു. എനിക്ക് സെഞ്ച്വറി ഫിലിംസുമായി വളരെ അടുത്ത ബന്ധമുണ്ട്. അങ്ങനെ അവിടെ എത്തിയപ്പോൾ മോഹൻലാൽ അവിടെയുണ്ട്.
ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലാൽ എന്നോടു പറയുന്നത്, കമലേ നമുക്ക് അടുത്ത പടം ചെയ്യണമെന്ന്. എന്നെ സംബന്ധിച്ച് ഒരു ഡയറക്‌ടർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നത്. എന്റെ ആദ്യത്തെ പടം റിലീസായിട്ടില്ല അന്ന്. ഒന്ന് ആലോചിച്ചു നോക്കൂ. അതിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ നടക്കുന്നതേയുള്ളു. ഒരു കഥ ആലോചിച്ചോളൂ എന്നാണ് ലാൽ പറഞ്ഞത്.
ഇന്ന ടൈപ്പ് സിനിമ എന്ന് മോഹൻലാൽ പറഞ്ഞിട്ടേയില്ല. കമലിന് ഇഷ്‌ടമുള്ള സിനിമ ചെയ്‌തോളൂ എന്നായിരുന്നു പറഞ്ഞത്. ആ ഫ്രീഡം നമുക്ക് തന്നിട്ടുണ്ടായിരുന്നു. ഒരു പ്രിയദർശൻ ടൈപ്പെന്നോ, സത്യൻ അന്തിക്കാട്- ശ്രീനിവാസൻ പടമെന്നോ അല്ലെങ്കിൽ ആക്ഷൻ വേണമെന്നോ ഒന്നും പറഞ്ഞില്ല. കമലിന് ഇഷ്‌ടമുള്ള പടം ചെയ്‌തോളൂ എന്നായിരുന്നു ലാലിന്റെ വാക്കുകൾ'.