xiaomi

മടക്കുന്ന ഫോണുകൾ ഈ വർഷം തന്നെ എത്തിക്കാനുള്ള മത്സരത്തിലാണ് പ്രമുഖ സ്മാർട്ട് ഫോൺ കമ്പനികൾ. ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ ഫോൺ തങ്ങളായിരിക്കും പുറത്തിറക്കുന്നതെന്ന് സാംസങ് നേരത്തേ പ്രഖ്യാപനം നടത്തുകയും ചെയ്തു. അതിനായുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും സാംസങ് അറിയിച്ചിരുന്നു. സാംസങ്ങിന്റെ മടക്കുന്ന ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറക്കുമെന്നാണ് പുതിയ വിവരം.

സാംസങ്ങിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി കമ്പനികളും മടക്കുന്ന ഫോണുകൾ പുറത്തിറക്കുമെന്ന വാശിയിലാണ്. ഇപ്പോൾ പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമിയും അത്തരത്തിൽ ഒരു ഫോണിന്റെ വീഡിയോ ഉൾപ്പെടെ പുറത്തിറക്കിയിരിക്കുകയാണ്. മുൻപ് ഷവോമിയുടേതെന്ന പേരിൽ ഒരു ഫോൾഡബിൾ ഫോണിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ അതിൽ വ്യക്തത ഇല്ലാത്തതിനാൽ അധികമാരും സംഭവത്തെ കാര്യമായി കൂട്ടാക്കിയിരുന്നില്ലെന്ന് മാത്രമല്ല പുതിയ കഥകൾ പടച്ചുവിടുകയും ചെയ്തു. എന്നാൽ ഷവോമിയുടെ കാര്യത്തിൽ കമ്പനി പ്രസിഡന്റ് ലിൻ ബിൻ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. ട്വിറ്റിലൂടെയാണ് ഷവോമിയുടെ പുത്തൻ ഫോൾഡബിൾ ഫോണിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചത്.
രണ്ട് വശങ്ങളിലായി മടക്കാവുന്ന തരത്തിലുള്ള ടാബ്‌ലറ്റ് ഫോണിന്റെ മോഡലാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വലിയ ചതുരക്കട്ട രണ്ടായി മടക്കിയാൽ എങ്ങനെയിരിക്കും? അത് തന്നെയാണ് വീഡിയോയിലും കാണാൻ സാധിക്കുക. ഷവോമി മിക്സ് ഫ്ലെക്സ്, ഷവോമി ഡ്യൂവൽ ഫ്ലെക്സ് എന്നീ രണ്ട് പേരുകളാണ് ഫോണിന് നൽകാൻ ഇപ്പോൾ മനസ്സിലുള്ളതെന്നും മറ്റേതെങ്കിലും പേര് ലഭിച്ചാൽ അതും പരിഗണിക്കുമെന്നും കമ്പനി പറയുന്നു. പേര് കണ്ടെത്താൻ എല്ലാവർക്കും അവസരമുള്ളതായി ഡൊനോവൻ സങ്ങിന്റെ ട്വിറ്ററിൽ വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. ഫോണിന്റെ കൂടുതൽ വിവരങ്ങളെ കുറിച്ചോ പ്രത്യേകതകളെ കുറിച്ചോ ഒരു വ്യക്തതയും കമ്പനി നൽകുന്നില്ല. എന്നാൽ ഫോൺ ഉടൻ വരുമെന്ന സൂചനയും നൽകുന്നു. മടക്കുന്ന ഫോണുകളുടെ കാര്യത്തിൽ വമ്പൻ വിപ്ലവത്തിനായി കാത്തിരിക്കുകായണ് ടെക്‌ലോകം.

Check out this special video from #Xiaomi President and Co-founder Bin Lin, showing off a very special phone prototype... 😎

What does everyone think we should name this phone? 🤔#InnovationForEveryone pic.twitter.com/1lFj3nM7tD

— Donovan Sung (@donovansung) January 23, 2019

വിപണിയിൽ വമ്പൻമാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ എത്തിച്ച് വിപണിയെ പിടിച്ചടക്കിയ ഷവോമി എന്തായാലും അതേ തന്ത്രമാവും ഫോൾഡബിൾ ഫോണിന്റെ കാര്യത്തിലും പ്രയോഗിക്കുക എന്ന് വിശ്വസിക്കാം. സാംസങ് പോലുള്ള ഭീമൻമാർ വമ്പൻ വിലയിലായിരിക്കും ഫോൺ വിപണിയിലെത്തിക്കുന്നത്. അവർക്ക് തീർത്തും വെല്ലുവിളിയായിരിക്കും ഷവോമിയുടെ ഫോൾഡബിൾ ഫോൺ എന്ന പ്രതീക്ഷയിലാണ് ടെക്‌ലോകം.