പ്രിയപ്പെട്ടവരേ,
ഈ കുറിപ്പ് എഴുതുന്നത് ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നിറഞ്ഞ ഹൃദയത്തോടെയുമാണ്. ജാതിമതഭേദചിന്തകളിൽ നിന്ന് വിശ്വമാനവികതയിലേക്ക് ഉയരാൻ മലയാളിയെ സ്വജീവിതം കൊണ്ട് പഠിപ്പിച്ച മഹാഗുരു ശ്രീനാരായണന്റെ ജനനം മുതൽ മഹാസമാധിവരെയുള്ള ചരിത്രമുഹൂർത്തങ്ങൾ കോർത്തിണക്കി തയാറാക്കിയ മഹാഗുരു എന്ന ടെലിവിഷൻ പരമ്പരയുടെ പ്രിവ്യൂ ജനുവരി 21 ന് രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററിൽ വച്ച് കാണാനിടയായി.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ശിവഗിരി മുൻ മഠാധിപതി പ്രകാശാനന്ദ സ്വാമികൾ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലായിരുന്നു പ്രദർശനം. എനിക്കും അത് കാണാനും അനുഭവിക്കാനും കഴിഞ്ഞു.......80 കളുടെ അവസാനങ്ങളിൽ രാമായണം, മഹാഭാരതം പരമ്പരകൾ കണ്ടതിനുശേഷം പരമ്പര ഇനത്തിൽ കണ്ടത് 'മഹാഗുരു"ആയിരുന്നു. 'സീരിയലുകൾ നിരോധിക്കണം അവ മയക്കുമരുന്നിനെക്കാൾ മാരകമാണ് "എന്ന ന്യായമായ ആവശ്യം ഉച്ചത്തിൽ കേൾക്കുന്ന കാലം കൂടിയാണല്ലോ ഇത്. യാതൊരു മുൻവിധിയും ഇല്ലാതെയാണ് കാണാനിരുന്നത്. കൃത്യം 9.03 ന് സംവിധായകൻ മഹേഷ് കിടങ്ങിലിന്റെ ചെറുവിവരണത്തിന് ശേഷം പ്രിവ്യു തുടങ്ങി. യുഗപുരുഷനായ നാരായണഗുരുദേവന്റെ ജീവിതം ന്യൂയോർക്കിൽ നടക്കുന്ന സർവമത സമ്മേളനത്തിൽ നൃത്തരൂപത്തിൽ അവതരിപ്പിക്കാനായി ഓസ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും വന്നവർ നർത്തകി പാരീസ് ലക്ഷ്മിയെ സമീപിക്കുന്നതും നൃത്തം ചിട്ടപ്പെടുത്തുന്നതിനായി അവർ ഗുരുവിന്റെ ജീവിതത്തിലെ ( കേരളീയ ജീവിതത്തിന്റെ, ലോക ജീവിതത്തിന്റെയും...) പ്രധാന മുഹൂർത്തങ്ങൾ മനസിലാക്കുന്നതും ആണ് 30 മിനിറ്റ് പ്രിവ്യുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ...
ആദ്യകാഴ്ചയായ അരുവിപ്പുറം ശിവപ്രതിഷ്ഠ ഞെട്ടിച്ചുകളഞ്ഞു. ഇതിലും ഉജ്വലമായി അത് ചിത്രീകരിക്കുക സാധ്യമല്ല...... ഉൽക്കടമായ വികാരത്തോടെയും, തുടികൊട്ടുന്ന ഹൃദയത്തോടെയും, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയുമാണ് എനിക്കത് കാണാൻ സാധിച്ചത്. ഒരുവേള ഉച്ചത്തിൽ കരയാതിരിക്കാൻ വേണ്ടി തൂവാലയിൽ മുഖമമർത്തി കുനിഞ്ഞിരുന്നു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ഹൃദയം മിടിക്കുന്നതും എന്തുകൊണ്ടാണ് ? തുടർന്ന് മറ്റു ചില ചരിത്ര മുഹൂർത്തകളും കടന്നുവന്നു. ('നമ്മെയൊക്കെ ഉദ്ധരിക്കാൻ ആ മഹാഗുരു ചെയ്ത ത്യാഗങ്ങൾ കണ്ട് ഞാൻ അഭിമാനം കൊണ്ട് കരഞ്ഞുപോയി ' എന്ന് ഒരു പ്രിയജ്യേഷ്ഠൻ വാട്സ് ആപ് ചെയ്തു, പിന്നീട്).
പ്രിവ്യു കഴിഞ്ഞ് മുഖ്യമന്ത്രി ചുരുങ്ങിയ വാക്കുകളിൽ കൃത്യമായി വിലയിരുത്തി. "കണ്ടിടത്തോളം നല്ലനിലയിൽ ചിത്രീകരിച്ചിട്ടുണ്ട്. അതുവച്ചു നോക്കുമ്പോൾ 'മഹാഗുരു' ഒരു മികച്ച കലാസൃഷ്ടിയായിരിക്കും." പ്രിവ്യു കഴിഞ്ഞിറങ്ങിയപ്പോൾ പലകണ്ണുകളിലും നനവ് പടർന്നിരിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. കണ്ണും മനസും നിറഞ്ഞുപോയി എന്ന് ഒരു കുടുംബം ചർച്ച ചെയ്യുന്നു. മറ്റൊരു ഭാഗത്ത് സംവിധായകനും ഗുരുവിന്റെ റോൾ അഭിനയിച്ച ജയൻ ദാസും ഗാഢമായി ആലിംഗനം ചെയ്യുന്നു. അതെ ഈ പ്രിവ്യു അതിന്റെ ഉദ്ദേശലക്ഷ്യം സാധിച്ചിരിക്കുന്നു.
കേരളത്തിന്റെ നവോത്ഥാന നായകന്റെ, ആയിരങ്ങളുടെ മാതൃകാ പുരുഷന്റെ, ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ദൈവത്തിന്റെ, മറ്റനേകം മാനങ്ങളുള്ള ഗുരുക്കൻമാരുടെ ഗുരുവിന്റെ, ഗുരു നാരായണന്റെ മഹത്ചരിതം ഹൃദ്യമായി മനസിന്റെ ഭാഷയിൽ മഞ്ചുവെള്ളായണി രചിച്ചിരിക്കുന്നു..... കണ്ടവർക്കെല്ലാം ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഗംഭീരം. അതിഗംഭീരം. കേരളീയ ജീവിതം എന്തൊക്കെയോ കാരണങ്ങളാൽ പ്രബുദ്ധത നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്ന ഈ വർത്തമാന കാലത്തിലാണ് ഈ ദൃശ്യകാവ്യം ജനിച്ചിരിക്കുന്നത് എന്നത് കേവലം യാദൃച്ഛികമല്ല. കുറച്ചൊന്ന് കണ്ടിട്ട് ഇടയ്ക്ക് മതിയാക്കി മടങ്ങാം എന്ന് കരുതിയാൽ, അയ്യോ കഷ്ടം എന്നേ പറയേണ്ടു. പെയിന്റിംഗിനു തുല്യമായ ദൃശ്യങ്ങളും, ഹൃദയത്തിൽ വന്നുതറയ്ക്കുന്ന സംഭാഷണങ്ങളും, ഒത്തുചേർന്നു പോകുന്ന പശ്ചാത്തല സംഗീതവും എല്ലാം കൊണ്ടുനിർമ്മിച്ച ഒരു മായാലോകത്തു നമ്മെ പെടുത്തിക്കളയും 'മഹാഗുരു"വിലെ മറ്റൊരു പ്രത്യേകത ഗുരുവിന്റെ വേഷം അഭിനയിച്ച ജയൻദാസിന് ഗുരുവിനോടുള്ള അത്ഭുത രൂപസാദൃശ്യമാണ്. അല്പം ചില മേക്കപ്പ് മാത്രമേ വേണ്ടി വന്നിരിക്കുകയുള്ളൂ. നല്ല നിയന്ത്രണത്തോടെ അഭിനയിച്ചു എന്ന് പറയുന്നതിലും പരകായപ്രവേശം നടത്തി എന്ന് പറയുന്നതാവും ശരി. അഭിനയം പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ 'മഹേഷ് സാറ് പറഞ്ഞതുപോലെ ചെയ്തു' എന്നാണ് പറഞ്ഞത്. എല്ലാം ഗുരു നിയോഗം.
ലേഖകന്റെ ഫോൺ : 8281425732