mani

കോട്ടയം:ജോസ് കെ. മാണി രാജ്യസഭാംഗമായതോടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ നിഷ ജോസ് കെ. മാണി മത്സരിക്കുമെന്നായിരുന്നു പ്രചാരണം. പാർട്ടി നേതൃത്വം അതും തള്ളിയതോടെ കേരള കോൺഗ്രസ് (എം)ൽ രണ്ടു ഡസനോളം സ്ഥാനാർത്ഥി മോഹികളുടെ കൂട്ടയിടിയായി.

ജോസ് കെ. മാണിയുടെ കേരളയാത്ര ഫെബ്രുവരി 15ന് അവസാനിച്ച ശേഷമേ സ്ഥാനാർത്ഥി ചർച്ച തുടങ്ങൂ.

മാണി ഗ്രൂപ്പിന്റെ കൈവശമിരുന്ന കോട്ടയം ലോക്‌സഭാ സീറ്റും ജില്ലയിലെ ആറ് നിയമസഭാ സീറ്റും കോൺഗ്രസിന് തിരിച്ചു ലഭിക്കുമെന്നു കരുതി സ്ഥാനാർത്ഥികളാകാൻ മോഹിച്ച നിരവധി കോൺഗ്രസ് നേതാക്കളുണ്ടായിരുന്നു. കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റുമായി മാണി ഗ്രൂപ്പ് യു.ഡി.എഫിലേക്ക് തിരിച്ചു വന്നതിൽ ഇക്കൂട്ടർ അസംതൃപ്തിയിലുമാണ്.

കോട്ടയം ഇടുക്കി സീറ്റുകൾ കോൺഗ്രസും മാണി ഗ്രൂപ്പും അവസാനം വച്ചുമാറുമെന്നും കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്നുള്ള പ്രചാരണം കെട്ടടങ്ങിയിട്ടില്ലെങ്കിലും കോട്ടയം സീറ്റ് മാണി ഗ്രൂപ്പിന് തന്നെയെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതോടെയാണ് മാണിഗ്രൂപ്പിൽ സ്ഥാനാർത്ഥി മോഹികളുടെ തിരക്ക് തുടങ്ങിയത്. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ രണ്ടു ഡസനിലേറെ നേതാക്കൾ മത്സരിക്കാൻ രംഗത്തുണ്ട്. നിഷയുടെ പേര് ചില കേന്ദ്രങ്ങൾ ഉയർത്തിയെങ്കിലും നിഷ മത്സരിക്കില്ലെന്നും കേരളയാത്രയുടെ ശോഭ കെടുത്താനാണ് ഈ പ്രചാരണമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരുടെ പേരുകൾ ഉയർന്നെങ്കിലും മത്സരിക്കാനില്ലെന്ന് ഇരുവരും വ്യക്തമാക്കി. ജോയി എബ്രഹാം, തോമസ് ചാഴിക്കാടൻ,​ സ്റ്റീഫൻ ജോർജ് തുടങ്ങിയവർക്കു പുറമേ യൂത്ത് ഫ്രണ്ട് നേതാക്കൾ അടക്കം നിര നീളുകയാണ്. ജോസ് കെ. മാണിയോ നിഷയോ ആണെങ്കിൽ മറ്റൊരു പേര് ഉയരില്ല. ഇരുവരും ഇല്ലാത്തതിനാൽ ആർക്കും മത്സരിക്കാമെന്ന സ്ഥിതി വന്നതോടെ സമ്മർദ്ദത്തിന് ബിഷപ്പുമാരും രംഗത്തുണ്ട്.

'സ്ഥാനാർത്ഥിയാകാൻ യോഗ്യതയുള്ള നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് 'ജോസ് കെ. മാണി പറയുമ്പോഴും സർവ്വസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്തുക നേതൃത്വത്തിന് ശ്രമകരമായേക്കും.