rahul-gandhi

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ശക്​തരായ നേതാക്കളാണെന്നും, പ്രിയങ്കാ ഗാന്ധി സജീവ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങിയത്​ വ്യക്​തിപരമായി തനിക്ക്​ സന്തോഷം നൽകുന്നതാണെന്നും​ കോ​ൺഗ്രസ്​ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. ലോക്​സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അമേത്തിയിൽ നടത്തിയ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു​ അദ്ദേഹം. ഉത്തർപ്രദേശി​ന്റെ രാഷ്​ട്രീയം മാറ്റി മറിക്കാൻ ഈ‌ യുവ നേതാക്കളെ ആവശ്യമുണ്ട്. ബി.ജെ.പി ഭയപ്പാടിലാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പൊതുതിര​ഞ്ഞെടുപ്പിന്റെ മുന്നോടിയായാണോ പ്രിയങ്കയെ കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചത്​ എന്ന ​മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്​ തെരഞ്ഞെടുപ്പിൽ മൽസരിക്കണോ എന്നത്​ പ്രിയങ്കയുടെ താൽപര്യമാണെന്നും രാഹുൽ മറുപടി പറഞ്ഞു. മായാവതിയോ​ടോ അ​ഖിലേഷിനോടോ ഞങ്ങൾക്ക്​ ശത്രുതയില്ല. മത്രമല്ല, അവരെ ഒരുപാട്​ ബഹുമാനിക്കുകയും ചെയുന്നു. സാധ്യമായിടത്തെല്ലാം ഇരുവരുമായി സഹകരിക്കാനും തയാറാണ്​. ആത്യന്തികമായി മൂന്നു പേരുടെയും ലക്ഷ്യം ബി.ജെ.പിയെ തകർക്കലാണ്​. എന്നാൽ, ഞങ്ങളുടെ പോരാട്ടം കോൺഗ്രസ്​ ആശയങ്ങളെ സംരക്ഷിക്കുന്നതിനുകൂടിയാണ് എന്നും രാഹുൽ കൂട്ടിച്ചേർത്തു​.

നേരത്തെ പ്രിയങ്കാ ഗാന്ധി സജീവ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങിയതിനെ തുടർന്ന് ​ ബി.ജെ.പി കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കുടുംബത്തേക്കാൾ വലുത് തങ്ങൾക്ക് പാർട്ടിയും ഈ രാജ്യവുമാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്ര പറഞ്ഞു. എന്നാൽ കോൺഗ്രസന് പാർട്ടിയേക്കാൾ വലുത് തങ്ങളുടെ കുടുംബമാണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന കുടുംബരാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്കയെ കിഴക്കൻ യു.പിയുടെ രാഷ്ട്രീയ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഏറെ നാളായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പ്രിയങ്കയ്‌ക്ക് പാർട്ടിയിൽ മുതിർന്ന ചുമതല നൽകിയത് നിർണായക നീക്കമാണെന്നാണ് കോൺഗ്രസ് നേതാക്കന്മാരുടെ അഭിപ്രായം. പുതിയ ചുമതലയേറ്റെടുക്കുന്ന പ്രിയങ്കയ്‌ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് അവരുടെ ഭർത്താവ് റോബർട്ട് വധേര ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ ഭരണത്തിൽ ഏറ്റവും നിർണായകമാകുന്ന ഉത്തർപ്രദേശിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ പ്രിയങ്കയ്‌ക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.