കോഴിക്കോട്: യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപരോധ സമരത്തിനിടെ മാദ്ധ്യമപ്രവർത്തകരെയും ഹെൽത്ത് ഇൻസ്പെക്ടറെയും കൈയേറ്റം ചെയ്തു. മാധ്യമം റിപ്പോർട്ടർ സി.പി. ബിനീഷ്, മാതൃഭൂമി ഓൺലൈൻ റിപ്പോർട്ടർ കെ.പി നിജീഷ് എന്നിവർക്കു നേരെയായിരുന്നു പരാക്രമം. ഹെൽത്ത് ഇൻസ്പെക്ടർ ബീന പ്രദീപിന്റെ കാർ തടയുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. മൊബൈൽ ഫോൺ പ്രതിഷേധക്കാർ‌ എറിഞ്ഞു പൊട്ടിച്ചതായി നടക്കാവ് പൊലീസിൽ ബീന പരാതി നൽകി.

പി.എസ്.സിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയ വനിതയെ തടഞ്ഞത് റിപ്പോർട്ട് ചെയ്യുമ്പോഴാണ് ബിനീഷിനെ കൈയേറ്റം ചെയ്തത്. അദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു നിജീഷ്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിച്ചുകൊണ്ടിരിക്കേയാണ് സംഭവം. ഡി സി സി പ്രസിഡന്റ് ടി.സിദ്ദിഖും, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാറും പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടാണ് ബിനീഷിനെ രക്ഷപ്പെടുത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരസ്യമായി മാപ്പ് പറയുന്നതായും ചടങ്ങിൽ പ്രസംഗിച്ച എം.കെ. രാഘവൻ എംപി പറഞ്ഞു.