soundarya

ചെന്നൈ: ചലച്ചിത്രതാരം രജനികാന്തിന്റെ ഇളയമകളും ഗ്രാഫിക് ഡിസൈനറും സംവിധായികയും നിർമ്മാതാവുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഗൻ വനൻഗമുഡിയാണ് വരൻ. പ്രമുഖ ദേശീയ മാദ്ധ്യമങ്ങളാണ് വിവാഹവാർത്ത പുറത്തുവിട്ടത്. അടുത്തമാസം 11നാണ് വിവാഹം. ഫെബ്രുവരി 9 മുതൽ ആഘോഷങ്ങൾ ആരംഭിക്കും. കഴിഞ്ഞ വർഷമാണ് സൗന്ദര്യയും വിശാഗനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. രജനികാന്തിന്റെ പോയസ് ഗാർഡനിലെ വസതിയിൽ പൂജകളോടെയാകും ചടങ്ങുകൾക്ക് തുടക്കമാവുക.

സൗന്ദര്യയുടെയും വിശാഗന്റെയും രണ്ടാം വിവാഹമാണിത്. ബിസിനസുകാരനായ ആർ. അശ്വിനെ സൗന്ദര്യ 2010ൽ വിവാഹം ചെയ്തെങ്കിലും 2017ൽ ഇവർ വേർപിരിഞ്ഞു. ഇവർക്ക് മൂന്നുവയസുള്ള മകനുണ്ട്.

മാദ്ധ്യമപ്രവർത്തക കണിഖ കുമാരനാണ് വിശാഗന്റെ ആദ്യ ഭാര്യ.

ചന്ദ്രമുഖി, കൊച്ചടൈയാൻ തുടങ്ങിയ ചിത്രങ്ങളുടെ ഗ്രാഫിക് ഡിസൈനറായ സൗന്ദര്യയാണ് ധനുഷ് നായകനായ വേലയില്ലാ പട്ടധാരി 2ന്റെ സംവിധായിക. സംവിധായികയും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയാണ് രജനികാന്തിന്റെ മൂത്ത മകൾ.