ന്യൂഡൽഹി: രണ്ട് മാസത്തേക്ക് വേണ്ടിയല്ല പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലേക്ക് പോകുന്നതെന്നും കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും അതിലൂടെ യു.പിയിൽ പുതിയ ചിന്തകൾക്ക് തുടക്കമിടാനുമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. 'വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തർപ്രദേശിലേക്ക് അയച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും അവരവിടെ തുടരും. ഉത്തർപ്രദേശിൽ കോൺഗ്രസ് മൂല്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനാണ് അവരെ നിയോഗിച്ചത്.
പാവപ്പെട്ടവർക്കും, കർഷകർക്കും, യുവാക്കൾക്കും ഒപ്പം നിൽക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപിയിൽ ഇനിയുണ്ടാവുമെന്നും രാഹുൽ വ്യക്തമാക്കി. പാർട്ടിക്കായി കഠിനദ്ധ്വാനം ചെയ്യാനും ആത്മാർത്ഥതയോടെ പ്രവർത്തിക്കാനും കഴിവുള്ളവരാണ് ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും. ഈ രണ്ട് യുവനേതാക്കളെ യു.പിയിലേക്ക് അയക്കുക വഴി കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ഞങ്ങൾ യു.പി ജനതയ്‌ക്ക് നൽകുന്നത്. ഉത്തർപ്രദേശിന് ഞങ്ങൾ പുതിയൊരു വഴി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മായാവതി-അഖിലേഷ് യാദവ് സംഖ്യത്തെ നേരിടാനല്ല പ്രിയങ്കയേയും ജ്യോതിരാതിദ്യസിന്ധ്യയേയും നിയോഗിച്ചിരിക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കി. മായാവതിയോടോ അഖിലേഷിനോടോ ഞങ്ങൾക്ക് ശത്രുതയില്ല. മത്രമല്ല, അവരെ ഒരുപാട് ബഹുമാനിക്കുകയും ചെയുന്നു. സാധ്യമായിടത്തെല്ലാം ഇരുവരുമായി സഹകരിക്കാനും തയാറാണ്. ആത്യന്തികമായി മൂന്നു പേരുടെയും ലക്ഷ്യം ബി.ജെ.പിയെ തകർക്കലാണ്. എന്നാൽ, ഞങ്ങളുടെ പോരാട്ടം കോൺഗ്രസ് ആശയങ്ങളെ സംരക്ഷിക്കുന്നതിനുകൂടിയാണ് എന്നും രാഹുൽ കൂട്ടിച്ചേർത്തു.