ന്യൂഡൽഹി: എന്റെ സഹോദരി കഠിനാദ്ധ്വാനിയാണ്. അവർ എന്നോടൊപ്പം പ്രവർത്തിക്കാൻ വരുന്നതിൽ വ്യക്തിപരമായി ഞാൻ വളരെ സന്തോഷത്തിലാണ് - പ്രിയങ്ക ഗാന്ധിയെ കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ച ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് അവരുടെ താത്പര്യം അനുസരിച്ചായിരിക്കുമെന്ന് രാഹുൽ മറുപടി നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടല്ല പ്രിയങ്കയ്‌ക്ക് കിഴക്കൻ യു.പിയുടെ ചുമതല നൽകിയത്. പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും വെറും രണ്ടുമാസത്തേക്കല്ല യു.പിയിലേക്ക് അയയ്‌ക്കുന്നത്. കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ്. അതുവഴി യു.പിയിൽ പുതിയ ചിന്തകൾക്ക് തുടക്കമിടും. രണ്ട് യുവനേതാക്കളെ അയയ്‌ക്കുന്നത് ഉത്തർപ്രദേശിന് പുതിയ ദിശാബോധം നൽകും. ഉത്തർപ്രദേശിനെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കും. പ്രിയങ്ക ഉൾപ്പെടെയുള്ളവർക്ക് പുതിയ ചുമതലകൾ നൽകിയതോടെ ബി.ജെ.പി പരിഭ്രാന്തിയിലാണ്. എന്തുവന്നാലും ഞങ്ങൾ പിൻനിരയിൽ കളിക്കില്ലെന്നും രാഹുൽ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി.