ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധി കൂടി രംഗപ്രവേശനം ചെയ്‌തതോടെ പുതിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമായി. കോൺഗ്രസ് പിന്തുടരുന്ന കുടുംബ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശനമെന്നും രാഹുൽ ഗാന്ധിയുടെ പരാജയമാണെന്നും ബി.ജെ.പി ആരോപിക്കുന്നു. എന്നാൽ 2004ൽ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോൾ അധികാരം ലഭിച്ചത് ഇത്തവണ പ്രിയങ്കയിലൂടെ ആവർത്തിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നത് കോൺഗ്രസിനുള്ളിൽ ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. എന്നാൽ അത് ശരിയായ സമയത്ത് ഉണ്ടാകുമെന്നാണ് വിവിധ ഘട്ടങ്ങളിൽ നേതാക്കൾ പ്രതികരിച്ചത്. ഒടുവിൽ നിർണായക തിരഞ്ഞടുപ്പിന്റെ മുന്നൊരുക്കത്തിനിടെ തന്നെ പ്രിയങ്കയെ അവതരിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അതേസമയം, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം മികച്ച തീരുമാനമാണെന്ന് തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിശോർ പ്രതികരിച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിശോറാണ്. ഇക്കാര്യത്തിൽ നിരവധി വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന തീരുമാനം മികച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശന തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയമെന്നാൽ ചിലരുടെ കുടുംബകാര്യം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഒരു കുടുംബത്തെ എതിർക്കുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം പരിഹസിച്ചു. യുപി.എ അദ്ധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിക്ക് പകരം റായ്‌ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്.