കൊച്ചി: മുനമ്പം മനുഷ്യക്കടത്തിനൊപ്പം മനുഷ്യക്കച്ചവടം നടന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം. മനുഷ്യക്കച്ചവടത്തിനുള്ള യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആലുവ റൂറൽ എസ്.പി ഫ്ലാഷിനോട് പറഞ്ഞു. മുനമ്പം മനുഷ്യക്കടത്ത് കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത രവി സനൂപ് രാജയുടെ മൊഴിയിൽ മനുഷ്യക്കച്ചവടത്തിന്റെ സാദ്ധ്യതകളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അന്വേഷണസംഘം തള്ളി. ഈ മാസം 12ന് മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ടിൽ പണം നൽകാത്തവരെയും കയറ്റിയിട്ടുണ്ടെന്ന മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു ഊഹാപോഹം കൂടി പ്രചരിച്ചത്.
മുനമ്പത്ത് നിന്ന് ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് പോയ 80 പേരുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കി. കസ്റ്റഡിയിലുള്ള രവി സനൂപ് രാജ, പ്രഭു എന്നിവരുടെ മൊഴിയനുസരിച്ച് ശ്രീലങ്കൻ അഭയാർത്ഥികളും തമിഴ് വംശജരും ഉൾപ്പെടുന്ന സംഘത്തിൽ നവജാത ശിശു ഉൾപ്പെടെ 22 കുട്ടികൾ ഉണ്ടെന്നാണ് വിവരം. നേരത്തെ പോയവർക്ക് ആസ്‌ട്രേലിയയിൽ തൊഴിൽ പെർമിറ്റ് സ്വന്തമാക്കിയെന്നാണ് കസ്റ്റഡിയിലുള്ളവർ നൽകിയ വിവരം. അതേസമയം, രവി സനൂപ് രാജയുടെയും പ്രഭുവിന്റെയും ചോദ്യം ചെയ്യൽ തുടരുകയാണ്. റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ വച്ച് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
മനുഷ്യക്കടത്ത് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആസ്‌ട്രേലിയയിലേക്ക് പോകാൻ തയാറായതെന്നും രവി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഡൽഹി, കൊച്ചി എന്നിവിടങ്ങളിൽനിന്നാണു പണം സ്വരൂപിച്ചത്. യാത്രയുടെ ദുരിതത്തെക്കുറിച്ചു തന്നോട് ഏജൻസികൾ പറഞ്ഞിരുന്നില്ലെന്നും രവിയുടെ മൊഴി. രവിയുടെ ഈ വെളിപ്പെടുത്തലുകൾ പൊലീസ് വിശ്വസിച്ചിട്ടില്ല. രവി മനുഷ്യക്കടത്ത് സംഘത്തിന്റെ ഏജന്റുമാരിൽ ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആസ്‌ട്രേലിയയിലേക്കുള്ള മനുഷ്യക്കടത്തിനായി നിരവധിതവണ രവി ചെന്നൈയിലെത്തിയതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ കൂടാതെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും രവിയെ ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിൽ പങ്കാളിത്തമുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് സംഘം ഡൽഹിയിൽ പരിശോധന തുടരുകയാണ്. കസ്റ്റഡിയിലുള്ള പ്രഭുവിന്റെ ഭാര്യയും മക്കളും ബോട്ടിൽ കടന്നുവെന്ന വെളിപ്പെടുത്തൽ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരുടെയും ഫോൺ കോളുകൾ സംബന്ധിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.