kc

ആലപ്പുഴ : ജനിച്ചത് കണ്ണൂരിലാണെങ്കിലും ആലപ്പുഴയിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് കെ.സി. വേണുഗോപാൽ. എതിരാളികളെ പോലും സൗഹൃദവലയത്തിലൊതുക്കുന്ന തികഞ്ഞ രാഷ്ട്രീയക്കാരൻ. മൂന്ന് പ്രാവശ്യം നിയമസഭയിലും രണ്ട് തവണ ലോക്‌സഭയിലും ആലപ്പുഴയുടെ പ്രതിനിധിയായി. ഇത്തവണയും ആലപ്പുഴ മണ്ഡലത്തിൽ കെ.സിയല്ലാതെ മറ്റൊരു പേര് യു.ഡി.എഫിൽ കേൾക്കാനില്ല.

1963 ഫെബ്രുവരി 4 ന് കണ്ണൂരിൽ കുഞ്ഞുകൃഷ്ണൻ - ജാനകിഅമ്മ ദമ്പതികളുടെ മകനായി ജനനം.

പയ്യന്നൂർ കോളേജിൽ രാഷ്ട്രീയ പ്രവേശനം. കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു. കോളേജിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും വോളിബാൾ ടീമിൽ അംഗമായിരുന്നു. മാത്‌സിൽ ബിരുദാനന്തര ബിരുദം നേടിയ കെ.സി പിന്നീട് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി. 1987 മുതൽ 1992 വരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും 1992 മുതൽ 2000 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1996 ലും 2001 ലും 2006 ലും ആലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. 2004 മുതൽ 06 വരെ ഉമ്മൻചാണ്ടി സർക്കാരിൽ ദേവസ്വം, ടൂറിസം മന്ത്രിയായി. 2009 ലും 2014ലും ആലപ്പുഴയിൽ നിന്ന് ലോക്‌‌സഭയിലേക്ക്. 2011 ജനുവരി 19 ന് കേന്ദ്ര ഉൗർജ്ജ സഹമന്ത്രിയായി. 2012 ഒക്ടോബർ 28 മുതൽ 2014 മേയ് 26 വരെ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായി. 2017ഏപ്രിൽ 29 ന് എ.എെ.സി.സി ജനറൽ സെക്രട്ടറിയായി. പിന്നീട് പ്രവർത്തക സമിതി അംഗവുമായി. ഇപ്പോൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി.

കേരള സ്‌പോർട്സ് കൗസിൽ അംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പരിയാരം മെഡിക്കൽ കോളേജ് ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യ - ബംഗ്ളാദേശ് പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിലെ അംഗവുമായിരുന്നു.

കർണാടകയുടെ ചുമതലയുള്ള എ.എെ.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത് കെ.സിയുടെ ജീവിതത്തിലെ തിളക്കമാർന്ന കാലമായിരുന്നു. കർണ്ണാടകയിൽ കുതന്ത്രങ്ങളോട് പയറ്റി കോൺഗ്രസ് - ദൾ സർക്കാർ രൂപീകരിക്കാൻ കരുനീക്കിയതിൽ വേണുഗോപാലിന് നിർണായക പങ്കുണ്ടായിരുന്നു. തെലുങ്കാനയിൽ നിയമസഭാ നേതാവിനെ തിരഞ്ഞെടുത്തതും ഹരിയാനയിൽ ഉപതിരഞ്ഞെടുപ്പ് നിരീക്ഷകനായതും ഗോവയിൽ സ്ഥാനാർത്ഥി നിർണയ സ്ക്രീനിംഗ് കമ്മിറ്റി ചുമതല വഹിച്ചതും കെ.സി. വേണുഗോപാലിന്റെ സുപ്രധാന ദൗത്യങ്ങളായിരുന്നു. ഈ മികവുകളാണ് ഇപ്പോൾ നിർണായക ചുമതല കെ.സിയെ ഏല്പിക്കാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ചതും.