priyanka-

അഞ്ചടി ആറ് ഇഞ്ച്.

സാമാന്യത്തിലധികമുള്ള ഈ പെണ്ണുയരത്തേക്കാൾ കുറേക്കൂടി തലപ്പൊക്കമുണ്ടായിരുന്നു എന്നും പ്രിയങ്കാഗാന്ധിക്ക്. ജ്യേഷ്ഠൻ രാഹുലിനേക്കാൾ കഷ്ടിച്ച് ഒരിഞ്ച് പൊക്കക്കൂടുതൽ. മുത്തശ്ശി ഇന്ദിരയേക്കാൾ മൂന്നിഞ്ച് ഉയരം! ജ്യേഷ‌്ഠനും അമ്മയ്ക്കും വേണ്ടി അമേതിയിലും റായ്ബറേലിയിലും നേരത്തേ തിരഞ്ഞെടുപ്പു പ്രചരണറാലിക്കു ചെല്ലുമ്പോഴെല്ലാം സ്റ്റേജിനു മുന്നിൽ മുളങ്കമ്പുകൾ കൊണ്ടു കെട്ടിയ ബാരിക്കേഡുകൾക്കപ്പുറം ആൾക്കൂട്ടം പ്രിയങ്കയ്ക്കു വേണ്ടി ജയ് വിളിച്ചത് വെറുതെയായിരുന്നില്ല.

രാജീവ് ഗാന്ധിയുടെ പിൻഗാമിയായി രാഹുലോ പ്രിയങ്കയോ എന്ന ചോദ്യമുയർന്നപ്പോഴൊക്കെ രാഹുലിനേക്കാൾ പ്രായത്തിലെ ഒന്നരയാണ്ടിന്റെ ഇളപ്പം വകവയ്ക്കാതെ കോൺഗ്രസ് നോക്കിയത് പ്രിയങ്കയുടെ കണ്ണുകളിലേക്കായിരുന്നു. പ്രിയങ്ക ഒന്നിനും പിടികൊടുത്തില്ല. എല്ലാം ചോദ്യങ്ങൾക്കും മറുപടി ഇത്രയേ ഉണ്ടായിരുന്നുള്ളൂ: ഇല്ല, സമയമായില്ല. മുത്തശ്ശിയുടെയും അച്ഛന്റെയും ജ്യേഷ്ഠന്റെയും വഴിയിലേക്കില്ലെന്ന് പ്രിയങ്ക പറഞ്ഞില്ല. സമയമായില്ലെന്നു മാത്രം. ഭർത്താവ് റോബർട്ട് വാദ്ര‌യുടെ ഭാര്യയായി, മിരായയുടെയും റൈഹാന്റെയും അമ്മയായി, തിരഞ്ഞെടുപ്പു വേളകളിൽ മാത്രം അമ്മയ്ക്കും ജ്യേഷ്ഠനും സഹായിയായി പ്രിയങ്ക മാറിനിന്നു.

മുപ്പത്തിനാലു വർഷം മുമ്പ് മുത്തശ്ശി ഇന്ദിര അംഗരക്ഷകരുടെ വെടിയേറ്റു വീഴുമ്പോൾ പ്രിയങ്ക ഡൽഹി മോഡേൺ സ്കൂളിൽ പഠിക്കുകയായിരുന്നു. 12 വയസ്സ്. 1991- ലെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ശ്രീപെരുമ്പുതൂരിൽ അച്ഛൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിയായ പത്തൊമ്പതുകാരി. അധികാര രാഷ്‌ട്രീയത്തിന്റെ ഇടനാഴികളിലെ അണിയറ നാടകങ്ങൾ മാത്രമല്ല,​ പിൻതുടരുന്ന മരണത്തിന്റെ നിഴലനക്കങ്ങളും അവൾ കണ്ടു. അന്നൊന്നും പ്രിയങ്ക പേടിച്ചില്ല. ‌ഡൽഹിയിലെ നമ്പർ 10 ജൻപഥിലെ നിത്യസന്ദർശകർ പണ്ടേ കണ്ടറിഞ്ഞിരുന്നു- രാഹുലിനേക്കാൾ മനസ്സുറപ്പുണ്ട്,​ പ്രിയങ്കയ്ക്ക്.

ആ മനസ്സുറപ്പ്,​ ഇന്ത്യ നേരിൽക്കണ്ടത് രാജീവ് ഗാന്ധിയുടെ സംസ്കാരവേളയിലാണ്. യമുനാ നദിക്കരയിലെ വീർഭൂമിയിൽ അച്ഛന്റെ ചിതയ്ക്കരികിൽ രാഹുൽ വിങ്ങിപ്പൊട്ടിയപ്പോൾ ചുമലിൽ പതിഞ്ഞ കൈത്തലം പ്രിയങ്കയുടേതായിരുന്നു! ഒരിക്കലും പ്രിയങ്ക പൊട്ടിക്കരഞ്ഞില്ല,​ പൊട്ടിത്തെറിച്ചില്ല. ഭ‌ർത്താവ് റോബർട്ട് വാദ്ര‌യുടെ പേരിൽ രാഷ്‌ട്രീയ ആരോപണങ്ങളുയർന്നപ്പോഴും പ്രിയങ്ക രംഗത്തുവന്നില്ല. ഇല്ല,​ സമയമായിരുന്നില്ല.

അക്ഷോഭ്യയായിരിക്കാൻ പ്രിയങ്കയെ പഠിപ്പിച്ചത് ഡൽഹി യൂണിവേഴ്സിറ്റി ഡിഗ്രി ക്ളാസിലെ മനശ്ശാസ്ത്ര ക്ളാസുകളായിരിക്കണം. മോഡേൺ സ്കൂളിലെയും കോൺവെന്റ് ജീസസ് ആൻഡ് മേരിയിലെയും സ്കൂൾ പഠനം കഴിഞ്ഞപ്പോഴേ പ്രിയങ്ക ഉറപ്പിച്ചിരുന്നു- ഡിഗ്രിക്ക് സൈക്കളോജി മതി. അവളുടെ മാത്രം ഇഷ്ടം. ജ്യേഷ്ഠൻ ഡൂൺ സ്കൂളിലെ പഠിത്തം കഴിഞ്ഞ് ഓക്‌സ്‌ഫഡിലേക്കും,​ പിന്നീട് കേംബ്രിഡ്‌ജിലേക്കും പോയപ്പോഴും പ്രിയങ്കയുടെ പഠനം ഇന്ത്യയിലായിരുന്നു. മനസ്സു വല്ലാതൊന്നു പാകപ്പെട്ട കാലത്ത്,​ എട്ടുവർഷം മുമ്പാണ് പ്രിയങ്ക എം.എയ്ക്കു രജിസ്റ്റർ ചെയ്തത്. വിഷയം: ബുദ്ധിസ്റ്റ് സ്റ്റഡീസ് (പ്രിയങ്ക പിന്നീട് ബുദ്ധമതം സ്വീകരിച്ചു)​

രാഷ്‌ട്രീയത്തിൽ നിന്ന് സ്വയം അകലം കാത്തു നിന്നപ്പോഴും ജനങ്ങളിൽ നിന്ന് അകലെയായിരുന്നില്ല,​ പ്രിയങ്ക. 2004 ലെ തിരഞ്ഞെടുപ്പിൽ അമ്മ സോണിയയുടെ ക്യാംപെയ്‌ൻ മാനേജർ ആയി. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ജ്യേഷ്ഠന്റെ മണ്ഡലത്തിനു പുറമേ,​ ഉത്തർപ്രദേശിലെ മറ്റു പത്തു മണ്ഡലങ്ങളിലും പാർട്ടി പ്രചരണത്തിൽ നായികയായത് പ്രിയങ്കയായിരുന്നു. ഓരോ ദിവസവും പ്രചരണം തീരുമ്പോൾ പ്രിയങ്ക അമ്മയും ജ്യേഷ്ഠനുമൊത്തിരുന്ന്,​ പിറ്റേന്നത്തെ പ്രചരണ ഷെഡ്യൂൾ തയ്യാറാക്കി. രാഹുലിനു വേണ്ടി പ്രസംഗങ്ങളെഴുതി...

ഇപ്പോൾ സമയമായിരിക്കുന്നു. പാർട്ടി,​ പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കുമ്പോൾ പലതും മുന്നിൽക്കണ്ടെന്നു വ്യക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസി ഉൾപ്പെടുന്ന മേഖലയാണ് കിഴക്കൻ യു.പി. ഉത്തരദേശത്തെ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങളിൽ ബി.ജെ.പിയെ പടികടത്താൻ മായാവതിയും അഖിലേഷ് യാദവും കോൺഗ്രസിനെ പുറത്തുനിർത്തി കൈകോർക്കുമ്പോൾ പ്രിയങ്ക ഒരു മൂർച്ചയുള്ള മറുപടിയാണ്- മോദിക്കും മഹാസഖ്യത്തിനും!

യു.പി സഖ്യത്തിൽ നിന്നു കോൺഗ്രസ് തഴയപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു: അവർ കോൺഗ്രസിനെ ചെറുതായിക്കണ്ടു! ഇന്നലെ,​ പ്രിയങ്കയെ കിഴക്കൻ യു.പിയുടെ രാഷ്ട്രീയചുമതല ഏല്പിച്ചപ്പോൾ അതിനെ തീരെ ചെറുതായി കാണാൻ എന്തായാലും മായാവതിക്കോ അഖിലേഷിനോ ആവില്ല.

പ്രണയത്തിന്റെ പ്രതിരൂപങ്ങൾ

നിനക്കു ചെയ്യാവുന്ന ഏറ്റവും മികച്ചത് ഇപ്പോൾ ചെയ്യുക! അതു പറയുമ്പോൾ റോബർട്ട് വാദ്ര ഒരു സാധാരണ ഭാർത്താവാകുകയായിരുന്നു. ഭാര്യ എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയി നിയോഗിക്കപ്പെട്ടതറിഞ്ഞ് വാദ്ര‌യുടെ പ്രതികരണമായിരുന്നു അത്. അതോ,​ അഭിനന്ദനമോ?​

ഇരുപത്തിയൊന്നു വർഷം മുമ്പായിരുന്നു ആ വിവാഹം. ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും ചർച്ചയായ വിവാഹം. ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ ഒരു പിച്ചളപ്പാത്ര കച്ചവടക്കാരനെ കല്യാണം കഴിക്കുന്നു! പ്രിയങ്കയുടെ മനസ്സിൽ പതിമൂന്നാം വയസ്സിൽ മൊട്ടിട്ട പ്രണയത്തിന്റെ കഥയറിയാത്തവർ കണ്ണുമിഴിപ്പിച്ചു: ഇതെങ്ങനെ സംഭവിച്ചു?​

അധികംപേർ അറിയാത്ത കഥയാണത്. കോൺവെന്റ് ജീസസ് ആൻഡ് മേരി സ്കൂളിൽ പ്രിയങ്കയുടെ ക്ളാസിലായിരുന്നു റോബർട്ടിന്റെ അനുജത്തി മിഷേൽ. അടുത്ത കൂട്ടുകാരി. രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം,​ അനുജത്തിയുടെ പ്രിയസ്നേഹിതയെ ആശ്വസിപ്പിക്കാൻ ഇടയ്ക്കൊരുനാൾ റോബർട്ട് നമ്പർ ടെൻ ജൻപഥിലെത്തി. പിന്നീട് വരാനിരുന്ന ഒരുപാട് കൂടിക്കാഴ്ചകളുടെ തുടക്കം.

പിന്നെപ്പിന്നെ,​ മിഷേലിന്റെ കൂട്ടുകാരിയെ കാണാനെത്തുമ്പോൾ റോബർട്ട് അവൾക്കായി ചെറിയ കൗതുകവസ്തുക്കൾ കൈയിൽ രഹസ്യമയാി കരുതി. പിച്ചള കൊണ്ടുള്ള കൊച്ചു രൂപങ്ങൾ! പ്രിയങ്കയുടെ മുറിയിലെ ഷോകെയ്സിൽ പ്രണയത്തിന്റെ തിളക്കമുള്ള കൗതുകരൂപങ്ങൾ കൂടിക്കൂടി വന്നു. പിന്നീട് റോബാർട്ട് രാഹുലിന്റെയും അടുത്ത സുഹൃത്തായി. ഒടുവിൽ 1997 ഫെബ്രുവരി 18-ന് വിവാഹം; പ്രിയങ്കയുടെ ഇരുപത്തിനാലാം വയസ്സിൽ.

ഡി.എൽ.എഫ് കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ റോബർട്ട് വാദ്ര ആരോപണ വിധേയനായപ്പോൾ വേദനിച്ചത് പ്രിയങ്കയായിരുന്നു. വാദ്ര നടത്തിയ ഭൂമി ഇടപാടുകൾ വിവാദമായി. ഡി.എൽ.എഫ് ലിമിറ്റഡ് റോബർട്ട് വാദ്രയ്ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റത്,​ വാദ്ര വഴി കിട്ടിയ രാഷ്ട്രീയനേട്ടങ്ങൾക്കു പ്രതിഫലമാണെന്നായിരുന്നു ആരോപണം. എല്ലാം രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് പറഞ്ഞപ്പോഴും പ്രിയങ്ക ഒന്നും മിണ്ടിയില്ല. മറുപടി പറഞ്ഞതുമില്ല.