metal-from-mouth

മലപ്പുറം: എന്നും രാവിലെ പല്ലുതേക്കുന്നതിനിടെ മലപ്പുറം സ്വദേശിക്ക് സ്വന്തം വായിൽ നിന്നും ലഭിക്കുന്നത് സ്വർണം പോലെ വെട്ടിത്തിളങ്ങുന്ന ലോഹച്ചീളുകളാണ്. മലപ്പുറം വാഴക്കാട് കൂരിത്തൊടിക അബ്ബാസിനാണ് ഈ വിചിത്രമായ അനുഭവമുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ഡോക്‌ടർമാരെ കണ്ടെങ്കിലും അവർക്കും ഇതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കാനായിട്ടില്ല. ഒരു സ്വകാര്യ വാർത്താ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി വായിൽ നിന്നും ലഭിക്കുന്ന ഈ അത്ഭുത വസ്‌തുവിനെ അബ്ബാസ് ശ്രദ്ധിക്കാറുണ്ടെങ്കിലും കുറച്ച് നാളുകൾ മുമ്പാണ് ഇക്കാര്യം ശേഖരിച്ച് തുടങ്ങിയത്. പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. വിവിധ ഡോക്‌ടർമാർ ഇതേക്കുറിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് മിക്ക ഡോക്ടർമാരുടെയും അഭിപ്രായം. ഇക്കാരണത്താൽ പ്രത്യേകിച്ച് ശാരീരിക പ്രശ്‌‌നങ്ങളൊന്നുമില്ലെങ്കിലും പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് അബ്ബാസ് പറയുന്നു.