പെൻഡെൽറ്റൺ (ഇംഗ്ലണ്ട്): 24 മണിക്കൂർ, 25 ഹൃദയാഘാതം. ഇവയെ തോൽപ്പിച്ച് കുഞ്ഞു തിയോ ജീവിതത്തിലേക്ക് മടങ്ങി. വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച ഈ അദ്ഭുത ബാലന് പ്രായം വെറും ഒന്നര വയസുമാത്രം. ജനിച്ച് എട്ടാമത്തെ ദിവസം ശരീരം മുഴുവൻ നീല നിറമായ തിയോയെ അച്ചൻ സ്റ്റീവും അമ്മ ഫൗവിയും ഉടൻ ആശുപത്രിയിലെത്തിച്ചു. ലിവർപൂളിലെ ആൾഡർ ആശുപത്രിയിലെത്തിച്ച തിയോയുടെ ഹൃദയത്തിന് രക്തം പമ്പുചെയ്യാനാവാത്ത അപൂർവരോഗം പിടിപെട്ടതായി കണ്ടെത്തി. ഇതിനിടെ തുടർച്ചയായി ഹൃദയാഘാതങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഒടുവിൽ തിയോയെ ഹൃദയം തുറന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. രക്തം പമ്പു ചെയ്യാൻ തടസം സൃഷ്ടിച്ചിരുന്ന ഇടത് വെൻട്രിക്കിളിലെ ഒരു ഭാഗം നീക്കം ചെയ്തതോടെ തിയോ മിടുക്കനായി. രണ്ടുദിവസത്തിനകം ആശുപത്രി വിട്ടു.
ഒരു വയസെത്തും മുൻപ് 17 ശസ്ത്രക്രിയകളെയും 30 ഹൃദയസ്തംഭനങ്ങളെയുമാണ് തിയോ അതിജീവിച്ചത്. ഒരിക്കൽ ഹൃദയസ്തംഭനം മൂലം 12 മിനിറ്റോളം തിയോയുടെ ഹൃദയം മിടിച്ചില്ല. അവൻ ഇനി ജീവിതത്തിലേക്ക് മടങ്ങില്ലെന്നോർത്ത് വിഷമിച്ച മാതാപിതാക്കളെയും ഡോക്ടർമാരെയും അമ്പരപ്പിച്ചുകൊണ്ട്, ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് തിയോ ഇപ്പോൾ.