narendra-modi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാലയൻ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ട്രോളൻമാർ ഏറെ ആഘോഷിച്ചതാണ്. ഇതിന് പിന്നാലെ തന്റെ വനവാസത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് നരേന്ദ്രമോദി. അഞ്ചു ഭാഗങ്ങളുള്ള ഹ്യൂമൻസ് ഓഫ് ബോംബെയുടെ അഭിമുഖത്തിലെ മൂന്നാംഭാഗത്തിലാണ് തന്റെ വനവാസത്തെക്കുറിച്ച് മോദി പറയുന്നത്.

"എല്ലാ വർഷവും ദീപാവലിയുടെ സമയത്ത് അഞ്ചുദിവസം താൻ കാട്ടിനുള്ളിലേക്ക് പോകുമായിരുന്നു. ആരുമില്ലാത്ത ശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം കണ്ടെത്തി അവിടെ തങ്ങും,” മോദി പറഞ്ഞു.

ഹിമാലയ ജീവിതം തനിക്ക് നൽകിയ ശാന്തതയെ നഗര ജീവിതത്തിന്റെ പുതിയ ശീലങ്ങൾ കീഴ്‌പ്പെടുത്താതിരിക്കാനാണ് താനിത് ചെയ്തതെന്നും. ജീവിതത്തിന്റെ തുലനാവസ്ഥ നിലനിർത്താനുള്ള ശ്രമത്തിനായി കാട്ടിൽ ധ്യാനനിരതനായിരുന്ന അഞ്ച് ദിനങ്ങളെക്കുറിച്ചും നരേന്ദ്ര മോദി വാചാലനാകുന്നുണ്ട്. ആരെ കാണാനാണ് ദീപാവലിയുടെ സമയത്ത് വനത്തിൽ പോകുന്നത് എന്ന് ചോദിക്കുന്നവരോട് എന്നെത്തന്നെ കാണാനാണ് പോകുന്നതെന്ന മറുപടിയാണ് നൽകിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.

തന്റെ പതിനേഴാം വയസിൽ താൻ ഹിമാലയത്തിലായിരുന്നെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്. അവിടെ നിന്ന് മടങ്ങി വന്നതിന് ശേഷമുള്ള കാര്യങ്ങളാണ് മൂന്നാം ഭാഗത്തിൽ പ്രധാനമന്ത്രി പറയുന്നത്.