pubg-game

ഗാന്ധിനഗർ: ലോകാമെമ്പാടും ആരാധകരുള്ള ഒാൺലെെൻ മൾട്ടിപ്ലെയർ ഗെയിമായ പബ്‌ജി ഗെയിമിന് ഗുജറാത്ത് സർക്കാർ വിലക്ക് ഏ‍ർപ്പെടുത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന പ്രെെമറി വിദ്യഭ്യാസ വകുപ്പാണ് സർക്കുലർ ഇറക്കിയത്. പ്രെെമറി സ്കൂളുകളിൽ ഗെയിമിന് നിരോധനം ഏ‍ർപ്പെടുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതാണ് സർക്കുലർ.

കുട്ടികൾക്ക് പഠനത്തിൽ താൽപര്യക്കുറവ് വരുന്നത് ഗെയിമിനോടുള്ള ആസക്തി കൊണ്ടാണെന്നും അത് അവരുടെ പഠനത്തെ മോശമായി ബാധിക്കുന്നുണ്ടെന്നാണ് സർ‌ക്കുലറിൽ പറയുന്നത്. എന്നാൽ പബ്ജിയുടെ എല്ലാ പതിപ്പിനും വിലക്കില്ല. മൊബെെൽ പതിപ്പിന് മാത്രം വിലക്കേർപ്പെടുത്താനാണ് സാദ്ധ്യത. മാത്രമല്ല ഗെയിമിന് രാജ്യവ്യാപകമായി നിരോധനമേർപ്പെടുത്താൻ ബാലവകാശ കമ്മീഷന്റെ നിർദേശമുണ്ടെന്ന് കമ്മീഷൻ ചെയർമാൻ ജാഗൃതി പാണ്ഡ്യ പറഞ്ഞു.

ഗെയിമിന്റെ ദൂഷ്യഫലത്തെ തുടർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും പബ്ജിക്ക് നിരോധനം ഏ‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ കത്തയച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കണം. അടുത്തിടെയാണ് ഗെയിമിന്റെ ദോഷ വശങ്ങൾ വിശദമാക്കിക്കൊണ്ട് നിരോധിക്കണ ആവശ്യവുമായി സംസ്ഥാനങ്ങൾക്ക് കത്തയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

ജമ്മു കശ്മീർ സ്റ്റുഡന്റ് അസോയിയേഷൻ ഗെയിമിനെതിരെ രംഗത്ത് വന്നിരുന്നു. കുട്ടികളുടെ പരീക്ഷാ ഫലം മോശമായതിന് കാരണം ഗെയിനോടുള്ള ആസക്തിയാണെന്നും അതുകൊണ്ട് തന്നെ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു.