is

മുംബയ്: ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് പതിനേഴുകാരൻ അടക്കം ഒമ്പത് പേരെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘം കസ്റ്രഡിയിലെടുത്തു. മഹാരാഷ്ട്രയിലെ മുംബ്‌റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് സൂചന.

മുംബ്റയിൽ നിന്ന് ഔറംഗബാദിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ചയാണ് ആദ്യത്തെയാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മറ്റ് എട്ടുപേർ കൂടി അറസ്റ്റിലായത്. മുംബ്റയിലെയും ഔറംഗബാദിലെയും ഐസിസ് സ്ലീപ്പർ സെല്ലുകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണിവർ. പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ മൂന്നാഴ്ചകളായി അന്വേഷണ സംഘം പിൻതുടരുകയായിരുന്നെന്നാണ് റിപ്പോർട്ട്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പന്ത്രണ്ടോളം സംഘങ്ങൾ തെരച്ചിൽ നടത്തിയത്. രാസവസ്തുക്കൾ, സ്‌ഫോടകവസ്തുക്കൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ്, കത്തികൾ തുടങ്ങിയ ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.