bihar

പട്ന: ബീഹാറിൽ ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും കോൺഗ്രസും തമ്മിൽ സീറ്റുചർച്ചയിൽ​ തന്നെ അടിതുടങ്ങി. ബീഹാറിൽ കുറഞ്ഞത് 12 ലോക്സഭാ സീറ്റുകളെങ്കിലും വേണമെന്ന് കോൺഗ്രസ് സഖ്യകക്ഷിയായ ആർ.ജെ.ഡിയോട് ആവശ്യപ്പെട്ടു. 16 സീറ്റുകൾ വേണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. എന്നാൽ 12 സീറ്റിൽ കുറഞ്ഞൊരു ധാരണയ്ക്കില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.

എട്ടു സീറ്റുകൾ നൽകി കോൺഗ്രസിനെ ഒതുക്കാനുള്ള നീക്കമാണ് ആർ.ജെ.ഡിയുടേതെന്നാണു സൂചന. ഇതിനു സമ്മതമല്ലെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള വിശാല സഖ്യത്തിന് ശ്രമിക്കുമെന്നാണ് ആർ.ജെ.ഡി ശ്രമം.

ഫെബ്രുവരി 3നു പട്നയിൽ രാഹുൽ ഗാന്ധിയുടെ റാലിക്കുശേഷം സീറ്റുധാരണ മതിയെന്ന നിലപാടാണു കോൺഗ്രസിനുള്ളത്.

എന്നാൽ കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിട്ടില്ലെന്നും ഫലപ്രദമായ വഴികൾ കണ്ടെത്തുകയാണെന്നും ആർ.ജെ.ഡി വൃത്തങ്ങൾ അറിയിച്ചു. ഇടതുപക്ഷത്തെ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് കോൺഗ്രസിനു സീറ്റുകൾ അധികം നൽകില്ലെന്ന നിലപാടെടുക്കാൻ കാരണമെന്ന് സൂചനയുണ്ട്. 40 ലോക്സഭാ സീറ്റുകളാണു ബീഹാറിനുള്ളത്

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനു നൽകിയ ആത്മവിശ്വാസമാണ് ബിഹാറിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ കോൺഗ്രസിന് ധൈര്യം നൽകുന്ന ഘടകം.