ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൽ കുടുംബത്തെ എതിർക്കുന്നത് കുറ്റകരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ബി.ജെ.പിക്ക് പാർട്ടിയാണ് കുടുംബം, എന്നാൽ ചിലർക്ക് കുടുംബമാണ് പാർട്ടി. കുടുംബവാഴ്ചയ്ക്കാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി വിമർശിച്ചു.
മഹാരാഷ്ട്രയിലെ ബി.ജെ.പി ബൂത്ത് പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തകരുടെ പാർട്ടിയാണ് ബി.ജെ.പി. രാജ്യത്തിനായി സമർപ്പിച്ച പ്രവർത്തകർ നിർമിച്ചതാണ് ഈ പാർട്ടിയെ.
ജനങ്ങളുടെ താത്പര്യത്തിന് വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തകരുടെ പോരാട്ടം.
ഞങ്ങൾ തുടങ്ങിവെച്ച പദ്ധതികളെല്ലാം പൂർത്തീകരിച്ചുവരികയാണ്. ഞങ്ങൾ തുടങ്ങാത്ത പദ്ധതികളും പൂർത്തീകരിക്കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകിയ നടപടിയെ കോടതിയിൽ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസെന്നും മോദി പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാലിനെയും, കിഴക്കൻ, വടക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോൺഗ്രസ് നിയമിച്ചത്.