ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗൂഗിൾവഴി നടത്തുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് ഗൂഗിൾ അധികൃതർ അറിയിച്ചു. സുതാര്യത ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ പുതിയ നടപടി.
നേരത്തെ ഫേസ്ബുക്കും ട്വിറ്രറും തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ തീരുമാനിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഗൂഗുളിന്റെ നടപടി. പരസ്യം നൽകിയവരുടെ വിവരം, ചെലവഴിക്കുന്ന തുക, തുടങ്ങിയവ ഗൂഗിൾ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിടാനാണ് തീരുമാനം. ഇതിനായി ഇന്ത്യക്ക് മാത്രമായി രാഷ്ട്രീയപരസ്യ സുതാര്യതാ റിപ്പോർട്ട് തയ്യാറാക്കും. തിരഞ്ഞെടുപ്പ് കമ്മിഷനും ഉപയോക്താക്കൾക്കും പെട്ടെന്ന് വിവരങ്ങൾ ലഭിക്കുന്നതിനായി പരസ്യ ലൈബ്രറിയും ഒരുക്കും. മാർച്ചോടെ ഇവ പ്രവർത്തന സജ്ജമാകും.
പരസ്യം നൽകുന്നവര്‍ ആദ്യം ഇലക്ഷൻ കമ്മിഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഗൂഗിൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഡന്റിറ്റി വെരിഫിക്കേഷന് ശേഷം മാത്രമേ പരസ്യം നൽകൂ, വെരിഫിക്കേഷൻ നടപടി അടുത്ത മാസം 14 മുതൽ തുടങ്ങും. 2013 ൽ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രീ സർട്ടിഫിക്കറ്റ് നിബന്ധന കൊണ്ടുവന്നിരുന്നു, എന്നാൽ ഇത് കൃത്യമായി കമ്പനികൾപാലിച്ചിരുന്നില്ല.
എന്നാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ചെറുക്കാൻ ഗൂഗിളിന്റെ പുതിയ നടപടി വഴി സാധിക്കില്ലെന്ന് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.