മോസ്‌കോ: റഷ്യയ്ക്കു സമീപം കരിങ്കടലിൽ രണ്ടു കപ്പലുകൾക്ക് തീപിടിച്ച് ആറു ഇന്ത്യക്കാർ മരിച്ചു. അപകടത്തിൽ 11 പേർ മരിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ. ആറ് ഇന്ത്യക്കാരെ കാണാതായി. കപ്പലിൽ ഉണ്ടായിരുന്ന ഒരു മലയാളി രക്ഷപ്പെട്ടതായാണ് വിവരം. മലയാളിയായ അശോക് നായർ ഉൾപ്പെടെ നാല് ഇന്ത്യക്കാരാണ് രക്ഷപ്പെട്ടവരുടെ പട്ടികയിലുള്ളത്.
കെർഷെ കടലിടുക്കിൽ ടാൻസാനിയൻ കപ്പലുകളായ കാൻഡി, മാസ്‌ട്രോ എന്നിവയ്ക്കാണ് ഇന്ധനം നിറയ്ക്കുന്നതിടെ തീപിടിച്ചത്. ആറു ഇന്ത്യക്കാരെയും കാണാതായിട്ടുണ്ട്. കാൻഡിയിൽ 9 തുർക്കിഷ് പൗരന്മാരും 8 ഇന്ത്യക്കാരുമടക്കം 17 ജീവനക്കാരും മാസ്‌ട്രോയിൽ 7 വീതം തുർക്കിഷ് പൗരന്മാരും ഇന്ത്യക്കാരും ഒരു ലിബിയക്കാരനുമടക്കം 15 ജീവനക്കാരുമാണുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.
അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നതാണ് കെർഷ് കടലിടുക്ക്. റഷ്യയ്ക്കും ഉക്രെയ്‌നും തന്ത്രപ്രധാനമായ ജലപാതയുമാണ് കെർഷ് കടലിടുക്ക്.