ചെന്നൈ: സൗന്ദര്യവർദ്ധക ഉത്‌പന്ന രംഗത്തെ പ്രമുഖരായ കവിൻകെയർ വിപണിയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി, ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഫെയറെവറിനെ പുത്തൻ രൂപത്തിൽ അവതരിപ്പിക്കും. ഫെയറെവർ നെക്‌സ്‌റ്റ് എന്ന പുതിയ ഉത്‌പന്നവും പുറത്തിറക്കും. 3,000 കോടി രൂപ മൂല്യമുള്ള ഇന്ത്യയിലെ സൗന്ദര്യവർദ്ധക വിപണിയിൽ മികച്ച വിഹിതം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് കവിൻകെയർ ഡയറക്‌ടറും സി.ഇ.ഒയുമായ വെങ്കടേഷ് വിജയരാഘവൻ പറഞ്ഞു.
ആഗോളതലത്തിലും ഇന്ത്യയിലും പ്രകൃതിദത്ത ഉത്‌പന്നങ്ങൾക്ക് ഡിമാൻഡ് ഏറിയിട്ടുണ്ട്. പ്രകൃതിദത്ത ഉത്‌പന്നങ്ങളുടെ പ്രത്യേക കൂട്ടിലൂടെ സജ്ജമാക്കിയ ഫോർമുലേഷനുകളാണ് കവിൻ കെയറിന്റെ ഓരോ ഉത്‌പന്നത്തിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിപണിയിലേക്ക് പുതുഭാവത്തിൽ എത്തുന്നതിന്റെ ഭാഗമായി ബ്രാൻഡ് ലോഗോയും പരിഷ്‌കരിച്ചിട്ടുണ്ട്. പിങ്ക് നിറത്തിൽ നിന്ന്, നിശ്‌ചയദാർഢ്യമുള്ള വ്യക്തിത്വത്തിന്റെ പ്രതീകമായ ചുവപ്പിലേക്കാണ് മാറ്റം. പുത്തൻ നിറത്തിലും പ്രകൃതിദത്ത കൂട്ടുകളിലും എത്തുന്ന ഫെയറെവർ ഉത്‌പന്നങ്ങൾ എല്ലാ റീട്ടെയിൽ, ഇ-കൊമേഴ്‌സ് സ്‌റ്റോറുകളിലും ലഭിക്കും. എട്ട് രൂപ മുതലാണ് വില.