പന്തളം: നിശ്ചയിച്ച വിവാഹത്തിനു വരൻ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോൾ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരൻ താലിചാർത്തി. പന്തളത്താണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്.
കുരമ്പാല തെക്ക് കാഞ്ഞിരമുകളിൽ മധുവിന്റെ മകൾ മായയുടെ വിവാഹമാണ് ഇന്നലെ പകൽ 11.40നും 12 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ നിശ്ഛയിച്ചിരുന്നത്. താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മൂഹൂർത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോൾ വരൻ വീട്ടിൽ നിന്ന് രാവിലെ മുങ്ങിയതായി അറിഞ്ഞു. വരനും കൂട്ടരും എത്താതായതോടെ ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ വരനെ രാവിലെ മുതൽ കാണാനില്ല എന്ന് വ്യക്തമായി.
പ്രതിസന്ധി മറികടക്കാൻ പോംവഴികൾ തേടി. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. ജ്യോതികുമാർ മുൻകൈ എടുത്ത് വിവാഹത്തിന് തയ്യാറായ കുടുംബസുഹൃത്തിന്റെ സഹോദരൻ സുധീഷുമായി വിവാഹം ഉറപ്പിച്ചു. പൂഴിക്കാട് പൊയ്‌കകുറ്റിയിൽ ജാനകിയമ്മയുടെ മകനാണ് സുധീഷ്. വൈകുന്നേരം മൂന്നിന് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തിൽ വച്ചു തന്നെ വിവാഹം നടത്തി. വിഭവസമൃദ്ധമായ സദ്യയും നൽകി.