supreme-court-

ന്യൂഡൽഹി: ജഡ്ജി നിയമനക്കാര്യത്തിലെ സുപ്രിം കോടതി കൊളീജിയത്തിന്റെ തീരുമാനത്തിനെതിരെ ജസ്റ്റിസ് മഥൻ ബി. ലോകൂർ. പുതിയ ജഡ്ജിമാരുടെ പേരുകളെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല. കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തിൽ അതൃപ്തിയുണ്ടെന്നും സുപ്രീംകോടതി മുൻ ജഡ്ജിയും കൊളീജിയം അംഗവും ആയിരുന്ന ജസ്റ്റിസ് മഥൻ ബി. ലോകൂർ പറഞ്ഞു.

ഡിസംബർ 12ന് കൊളീജിയം എടുത്ത തീരുമാനങ്ങൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ട് എന്നറിയില്ല. കൊളീജിയം തീരുമാനം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ആരോടും ആവശ്യപ്പെടേണ്ടതില്ലെന്നും ലോകൂർ ചൂണ്ടിക്കാട്ടി.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്,​ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ എന്നിവരെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള ഡിസംബർ12 ലെ കൊളീജിയം തീരുമാനം എങ്ങനെ മാറി എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊളീജിയം തീരുമാനം പരസ്യപ്പെടുത്താതിൽ അതൃപ്തിയുണ്ട്.

ജഡ്ജി ആയിരിക്കുമ്പോഴും ഇതേ നിലപാട് തന്നെയായിരുന്നു തനിക്കെന്നും ലോകൂർ കൂട്ടിച്ചേർത്തു.

അഭിഭാഷക കൂട്ടായ്മയുടെ വെബ് സൈറ്റായ ദി ലീഫ്‌ലറ്റ് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുൻ ജസ്റ്റിസിന്റെ പ്രതികരണം.