മോസ്‌കോ: ക്രിമിയയിൽ കരിങ്കടടലിൽ വച്ച് രണ്ടു കപ്പലുകൾക്ക് തീപിടിച്ച് മരിച്ച പതിന്നാലുപേരിൽ ആറുപേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. കാണാതായ പത്തു പേരിൽ ഒരു മലയാളിയെ അടക്കം നാല് പേരെ രക്ഷപ്പെടുത്തി. ആറ് ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ട്. ആശിഷ് അശോക് നായരാണ് രക്ഷപ്പെട്ട മലയാളി.
പിനൽ കുമാർ ഭരത്‌ഭായ് ടണ്ടേൽ, വിക്രം സിംഗ്, ശരവൺ നാഗരാജൻ, വിഷാൽ ദോഡ്, രാജ് ദേവ നാരയാണൻ പനി, കരൺ കുമാർ ഹരിഭായ് എന്നിവരാണ് മരിച്ച ഇന്ത്യക്കാരെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദ്രവീകരിച്ച പ്രകൃതിവാതകവുമായി പോകുകയായിരുന്നു ഒരു കപ്പൽ. രണ്ടാമത്തേത് ടാങ്കറും. ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് ഇന്ധനം നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതോടെ ജീവനക്കാർ കടലിലേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. കടലിൽ നിന്നാണു 11 മൃതദേഹങ്ങൾ കണ്ടെടുത്തത്. ക്രിമിയയെയും റഷ്യയെയും വേർതിരിക്കുന്ന കെർഷ് കടലിടുക്കിലാണ് തിങ്കളാഴ്ച അപകടം നടന്നത്. ടാൻസാനിയൻ കപ്പലുകളായ കാൻഡി, മയസ്‌ട്രോ എന്നീ കപ്പലുകൾക്കാണ് തീപിടിച്ചത്.
രണ്ടുകപ്പലുകളിലായി 15 ഇന്ത്യക്കാരുണ്ടായിരുന്നു. തുർക്കി, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു ജീവനക്കാർ. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. രണ്ടു കപ്പലുകളും കത്തിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ ഫെഡറൽ ഏജൻസി അറിയിച്ചു.
സിറിയയ്ക്ക് ഇന്ധനം എത്തിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ വർഷം യുഎസ് ഉപരോധം നേരിട്ട കപ്പലുകളാണു രണ്ടും.