ന്യൂഡൽഹി: റാഫേൽ കരാർ വിവാഹ ക്ഷണക്കത്തിലും. ഗുജറാത്തിലെ സൂറത്തിലാണ് റാഫേൽ കരാറിനെ ന്യായീകരിച്ച് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്. സൂറത്ത് സ്വദേശികളായ യുവരാജ്- സാക്ഷി എന്നിവരുടെ വിവാഹമാണ് റാഫേൽ വിവാദം ഉൾപ്പെടുത്തിയതിലൂടെ ശ്രദ്ധ നേടിയത്.
വധൂവരന്മാരുടെ പേര് വിവരങ്ങളും മറ്റും ഉൾപ്പെടുത്തിയ കത്തിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയും ഉൾപ്പെടുത്തിയിരുന്നു. വിവാഹ സമ്മാനമായി പണം നൽകാൻ ആഗ്രഹിക്കുന്നവർ മൊബൈൽ ആപ്പ് വഴി ബി.ജെ.പിക്ക് നൽകണമെന്നും അറിയിച്ചിരുന്നു,
ക്ഷണപത്രത്തിന്റെ പിൻഭാഗത്താണ് ശാന്തരായിരിക്കൂ ഒപ്പം 'നമോ'യെ വിശ്വസിക്കൂ എന്ന തലക്കെട്ടിൽ റാഫേൽ കരാറിനെ ന്യായീകരിക്കുന്ന വിവരങ്ങൾ. പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചാണ് ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്ന് വധു സാക്ഷി അഗർവാൾപറയുന്നു. റാഫേൽ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശവും ഇവരെത്തേടി എത്തി.