കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായാൽ എന്തെങ്കിലും ചെയ്യുമെന്ന് കരുതിയിരുന്നു എന്നാൽ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളെപ്പോലെ മോശമായെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് കരുണയില്ലെന്നും ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരൻ വിമർശിച്ചു. 'ഇരട്ടച്ചങ്കൻ മുച്ചങ്കൻ എന്നൊക്കെ സി.പിഎമ്മിന്റെ പ്രവർത്തകർ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോൾ ഞങ്ങളൊക്കെ വിചാരിച്ചു മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന്. എന്നാൽ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളെക്കാളും മോശമായി എന്നതാണ് നമുക്ക് മനസിലാകുന്നത്'. എന്നായിരുന്നു സുധാകരന്റെ പരാമർശം.
സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധമാണ് ഉയർന്നു വരുന്നത്. സുധാകരനെതിരെ സി.കെ ജാനു രംഗത്തെത്തി. പെണ്ണുങ്ങളേക്കാൾ മോശമാണ് എന്ന് പറയുമ്പോൾ പെണ്ണുങ്ങളെന്താ മോശമാണെന്നാണോ സുധാകരൻ പറഞ്ഞു വരുന്നത്. വീട്ടിൽ ഭാര്യയും പെങ്ങളൊക്കെയില്ലേ, എല്ലാവർക്കും വായിത്തോന്നുന്ന പറയാനുള്ള വിഭാഗമാണോ സ്ത്രീകൾ. ഒരു കോൺഗ്രസ് നേതാവെന്ന നിലയ്ക്ക് സുധാകരന്റെ പ്രസ്താവന ബാലിശമായിപ്പോയെന്നും സി.കെ ജാനു പറഞ്ഞു.
മുമ്പും നിരവധി തവണ സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. സൂര്യനെല്ലിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ചും സുധാകരൻ സംസാരിച്ചിരുന്നു. ശബരിമല വിഷയത്തിൽ ആർത്തവം സ്ത്രീകളുടെ ശാശീരിക അശുദ്ധിയാണെന്നാണ് സുധാകരന്റെ നിലപാട്.