loksabha-election-

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലം പിടിക്കാനുറച്ച് ബി.ജെ.പി സംസ്ഥാന ഘടകം. തിരുവനന്തപുരം പിടിച്ചെടുക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെതുടർന്ന് മികച്ച സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ആലോചനയിലാണ് സംസ്ഥാന നേതൃത്വം. ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരിക്കും തിരുവനന്തപുരത്ത് എന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന.

ബി.ജെ.പി ദേശീയ നേതാക്കളെ രംഗത്തിറക്കി തരംഗം സൃഷ്ടിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിർമല സീതാരാമനെ രംഗത്തിറാക്കാനും നിർദ്ദേശമുണ്ട്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദുരിതബാധിതരെ സന്ദർശിച്ച നിർമ്മല സീതാരാമൻ നേടിയ ജനപ്രീതി കണക്കിലെടുത്താണ് ഈ നീക്കം. എന്നാൽ രാജ്യസഭാംഗമായ അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്നും സൂചനയുണ്ട്.


ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചു തിരുവനന്തപുരത്തു സ്ഥാനാർഥിയാക്കണമെന്നും സമ്മർദ്ദമുണ്ട്. കുമ്മനമില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള മത്സരിച്ചേക്കാം. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരും ഉയർന്നു കേൾക്കുന്നു. ശബരിമല സമരത്തിലൂടെ സുരേന്ദ്രന് ലഭിച്ച ഇമേജ് വോട്ടായി മാറുമെന്നാണ് സുരേന്ദ്രനെ പിന്താങ്ങുന്നവരുടെ വാദം.

പാർട്ടി നേതാക്കളല്ലെങ്കിൽ പിന്നെ രാജ്യസഭാംഗമായ നടൻ സുരേഷ് ഗോപിക്കാണു സാദ്ധ്യത. നരേന്ദ്രമോദിയും അമിത് ഷായും ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സുരേഷ് ഗോപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ശബരിമല കർ‍മസമിതിയുടെ നേതൃത്വത്തിൽ സജീവമായ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ആറ്റിങ്ങലിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചന ശക്തമാണ്. കൊല്ലത്തും പേര് പറഞ്ഞു കേൾ‍ക്കുന്നു. ബി.ഡി.ജെ.എസിന് ഈ 2 സീറ്റുകളും താത്പര്യമുള്ളതിനാൽ സീറ്റ് വിഭജനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനം.