ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്ന് സർവേഫലം. ബി.എസ്.പി , എസ്.പി സഖ്യവുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയാൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് അഞ്ചുസീറ്റുകൾ മാത്രമേ ലഭിക്കൂ എന്ന് ഇന്ത്യാ ടുഡേ സർവേ ഫലം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് തൂത്തുവാരിയാണ് കേന്ദ്രത്തിൽ ബി.ജെ.പി ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 71 സീറ്റുകൾ ബി.ജെ.പിയും അപ്നാ ദൾ രണ്ടു സീറ്റുമാണ് നേടിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 73 സീറ്റ് എന്നത് 5 സീറ്റിലേക്ക് ചുരുങ്ങുമെന്നും സർവേ പറയുന്നു.
കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്‍വാദി പാർട്ടിയും ബി.എസ്.പിയും ചെയ്തത് വലിയ തെറ്റാണെന്നും ഇന്ത്യാ ടുഡേ സർവേ ഫലം വിശദമാക്കുന്നു. ബി.ജെ.പിക്കെതിരെ ബി.എസ് .പി, എസ്.പി, ആർ.എൽ.ഡി, കോൺഗ്രസ് എന്നിവർ ഒന്നിച്ചാൽ പത്തില്‍ താഴെ സീറ്റുകൾ മാത്രമാകും ബി.ജെ.പിക്ക് ലഭിക്കുകയെന്ന് സർവേയിൽ വിശദമാക്കുന്നു. സഖ്യത്തിൽ ചേരാതെ മത്സരിച്ചാൽ കോണ്‍ഗ്രസിന് നാല് സീറ്റ് വരെ ലഭിക്കുമെന്നും സർവെ പറയുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് യു.പിയിൽ ലഭിച്ചത്.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമായി വിലയിരുത്തുന്ന മൂഡ് ഓഫ് നേഷന്റേതാണ് സർവേ.