ന്യൂഡൽഹി: ഇന്ത്യൻ തുറമുഖങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ഇന്ത്യൻ നേവിയുടെ ദ്വിദ്വിന അഭ്യാസ പ്രകടനം ഒരുങ്ങുന്നു. മുംബയ് ഭീകരാക്രമണങ്ങൾക്ക് പത്ത് വർഷം തികയുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കരയോട് ചുറ്റപ്പെട്ട് കിടക്കുന്ന കടൽത്തീരത്ത് ശക്തി തെളിയിക്കാൻ നേവി ഒരുങ്ങുന്നത്. 'സീ വിജിൽ' എന്ന പേരിലാണ് രണ്ട് ദിവസത്തെ അഭ്യാസപ്രകടനം നടത്തുന്നത്.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ നേവിയുടെ നേതൃത്വത്തിൽ ഇത്രയും വിപുലമായ രീതിയിൽ ഒരു അഭ്യാസ പ്രദർശനം നടക്കുന്നത്. ഇന്ത്യയിലെ 7516 കിലോമീറ്റർ നീളുന്ന കടൽതീരത്ത് തുറമുഖങ്ങളുള്ള പതിമൂന്ന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും മത്സ്യബന്ധന തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് പ്രകടനം ഒരുക്കുന്നത്.
2008 മുംബയ് ഭീകരാക്രമണത്തിൽ തീവ്രവാദികൾ കടൽ വഴിയാണ് ഇന്ത്യൻ തീരത്ത് എത്തിയിരുന്നത്. അതിന് ശേഷം ഇന്ത്യൻ തീരങ്ങളിൽ നാവികസേന സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ 2008ന് ശേഷമുള്ള ഇന്ത്യയുടെ തീരസംരക്ഷണ നയങ്ങളുടെ ഒരവലോകനം കൂടിയാണിത്. നേവിയുടെ പട്രോളിങ്ങും ഇന്റലിജൻസിന്റെ സാങ്കേതിക സഹായവും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. ദേശസുരക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും ശത്രുരാജ്യങ്ങളുടെ നുഴഞ്ഞ് കയറ്റത്തെ തടയാനും വേണ്ടി ഇന്ത്യൻ നേവിയുടെ ശക്തി തെളിയിക്കാനാണ് അഭ്യാസപ്രകടനം നടത്തുന്നത്. ത്രിതല സേനാവിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള ട്രോപിക്‌സിനും ഈ അഭ്യാസം ഒരു മുതൽക്കൂട്ടാണ്.