തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും നിയമമന്ത്രിയുമായ എ.കെ.ബാലനെതിരെ രൂക്ഷ വിമർശനവുമായി പൊതുപ്രവർത്തകൻ കെ.എം.ഷാജഹാൻ. മാതാ അമൃതാന്ദമയിയെക്കുറിച്ചുള്ള എ.കെ.ബാലന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഷാജഹാൻ ആഞ്ഞടിച്ചത്.
"അമ്മേന്റെ മുന്നിൽ ഞങ്ങളെല്ലാം സമന്മാരാണ്. അതിൽ എൽ.ഡി.എഫ് മക്കളെന്നോ, യു.ഡി.എഫിന്റെ മക്കളെന്നോ ബി.ജെ.പിന്റെ മക്കളെന്നോ വ്യത്യാസമില്ല. അങ്ങനൊരു വ്യത്യാസം അമ്മക്ക് തോന്നുന്നു എന്ന ആശങ്കയിലാണ് കോടിയേരി ബാലകൃഷ്ണൻ കരഞ്ഞത്.
ശബരിമല കർമ്മസമിതി ജനുവരി 20 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തിൽ അമൃതാനന്ദമയി പങ്കെടുത്തതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ആ രൂക്ഷ വിമർശനത്തെയാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കരച്ചിൽ എന്ന് വിശേഷിപ്പിച്ചത് എന്ന് ഷാജഹാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബി.ജെ.പിക്കാർ പോലും ഇത്ര വിനീതമായ ഭാഷയിൽ, കറ കളഞ്ഞ ഭക്തനെ പോലെ അമൃതാനന്ദമയിയെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല! എ.കെ.ബാലന്റെ പരാമർശങ്ങൾക്കെതിരെ കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നതായി കാണുന്നില്ലെന്നും ഷാജഹാൻ പറയുന്നു.
സി പി എമ്മിന്റെ ദേശീയ തലത്തിലുള്ള മുഖപത്രമായ "പീപ്പിൾസ് ഡമോക്രസി " യിൽ 2017ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച "ആൾദൈവങ്ങളുമായി ബി.ജെ.പി ക്കുള്ള അവിശുദ്ധ ബന്ധം എന്ന ലേഖനത്തിൽ മാതാ അമൃതാനന്ദമയിയെക്കുറിച്ചും പരാമർശമുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ആൾദൈവങ്ങൾക്ക് ബി.ജെ.പിയുമായുള്ള അവിശുദ്ധ ബന്ധമാണ് ലേഖനത്തിലെ പ്രതിപാദ്യ വിഷയം.
" ഈ ഗണത്തിൽ പെട്ട മറ്റൊരു വ്യക്തി അമൃതാനന്ദമയിയാണ്.ഇവർ വിശാലമായ ഒരു സാമ്രാജ്യം ആർ.എസ് എസിന്റെ സമ്പൂർണ പിന്തുണയോടെ കെട്ടിപ്പടുത്തിട്ടുണ്ട് " തുടർന്ന്, "ബിജെപി സർക്കാരുകളുടേയും ആർ എസ് എസിന്റെയും സഹായത്തോടെ ഈ ആൾദൈവങ്ങൾ മതവും വാണിജ്യ താല്പര്യങ്ങളും ലാഭകരമായി ബന്ധിപ്പിക്കുന്നു" എന്നും "ഇവർക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ ഇവർ നിയമത്തിന് അതീതരാണ് എന്ന് തോന്നിപ്പിക്കത്തക്ക തരത്തിൽ പ്രവർത്തിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നു" എന്നും ലേഖനം വ്യക്തമാക്കുന്നു.
എന്നാൽ ലേഖനത്തിലെ നിഗമനങ്ങളും കണ്ടെത്തലും ഒക്കെ കേരളത്തിലെത്തുമ്പോൾ ചവറ്റുകൊട്ടയിലാണെന്ന് ഷാജഹാൻ പറയുന്നു.
അമൃതാനന്ദമയിയെ വിമർശിച്ചാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടും എന്ന തിരിച്ചറിവാണ് അവരുടെ മുന്നിൽ സാഷ്ടാംഗം വീണ് അടിയറവ് പറയാൻ എ.കെ.ബാലനെ പ്രേരിപ്പിച്ചത് എന്ന് ഷാജഹാൻ പരിഹസിച്ചു.
അപ്പോൾ,
നവോത്ഥാനവും,
സാമൂഹ്യ പരിഷകരണവും,
സ്ത്രീ പുരുഷ തുല്യതയും,
അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള സമരവും,
ഭരണഘടനയും
ഒന്നുമല്ല പ്രശ്നം,
പിന്നെയോ,
തെരഞ്ഞെടുപ്പിൽ നാല് വോട്ടാണ് പ്രശ്നം!
അതിന് വേണ്ടി,
കേന്ദ്ര നേതൃത്വം ആൾദൈവം എന്നും,
ആർ എസ് എസ് പിന്തുണയിൽ വിശാല സാമ്രാജ്യം കെട്ടിപ്പടുത്തവരെന്നും പറഞ്ഞവരെ,
"അമ്മ" എന്നും,
സ്വന്തം പാർട്ടി സെക്രട്ടറിയുടെ രൂക്ഷ വിമർശനത്തെ
"കരച്ചിൽ" എന്നും വിളിക്കാനും,
അമൃതാനന്ദമയിയുടെ മുന്നിൽ
വിശ്വസ്ത വിനീതവിധേയരായി
മൂക്ക് മുട്ടേൽ മുട്ടിച്ച് നില്ക്കാനും ഇവർ തയ്യാറാകും!- എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.