തിരുവനന്തപുരം: രണ്ടുവട്ടം അന്താരാഷ്ട്ര മത്സരങ്ങൾ നടന്നപ്പോഴും റണ്ണൊഴുകാൻ മടിച്ചുനിന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ച് ഇന്നലെ പതിവ് തെറ്റിച്ചു. ആദ്യതവണ മഴയും രണ്ടാംതവണ വിൻഡീസിന്റെ മോശം ബാറ്റിംഗും കാര്യവട്ടത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ ശോഭ കെടുത്തിയപ്പോൾ ഇന്നലെ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് മത്സരം ഏകദിന ക്രിക്കറ്റിന്റെ മുഴുവൻ സൗന്ദര്യവും അനിശ്ചിതത്വവും നിലനിറുത്തിയ മത്സരമായി മാറി. ആവേശമേളം തീർത്ത് ടീമുകളെ പിന്തുണയ്ക്കാൻ സ്റ്റേഡിയം നിറയെ കാണികളുണ്ടായിരുന്നില്ലെങ്കിലും അവസാന ഓവർ വരെ പോരാട്ടം നീണ്ട മത്സരത്തിൽ അന്തിമവിജയം ഇന്ത്യയ്ക്കൊപ്പം നിന്നു. ഇരു ടീമുകളുടെയും ഓരോ മികച്ച മുന്നേറ്റവും കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ എണ്ണത്തിൽ കുറവെങ്കിലും ക്രിക്കറ്റ് പ്രേമികൾ മിക്ക ഗാലറികളിലും ഉണ്ടായിരുന്നു. അനൗദ്യോഗിക മത്സരത്തിന് കാണികളിൽ നിന്ന് ലഭിച്ച ഈ പിന്തുണ കേരളത്തിന്റെ ക്രിക്കറ്റ് പെരുമയുടെ പൊൻതൂവലായി മാറി.
കനത്ത വെയിലിനോട് പൊരുത്തപ്പെടാൻ കളിക്കാരും കാണികളും ഒരുപോലെ ബുദ്ധിമുട്ടിയെങ്കിലും മത്സരത്തിന്റെ ആവേശവീര്യം കാലാവസ്ഥയെ മറികടക്കാൻ പോന്നതായിരുന്നു. ഇന്ത്യയുടെ ബാറ്റിംഗ് 40 ഓവർ പിന്നിടുമ്പോൾ ആർക്കു വേണമെങ്കിലും ജയിക്കാമെന്ന സ്ഥിതിയായിരുന്നു. ഇംഗ്ലീഷ് ബൗളർമാർ പൊരുതിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് മത്സരത്തെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. കളിയുടെ അന്ത്യഘട്ടത്തിൽ കാണികളുടെ മികച്ച രീതിയിലുള്ള പ്രോത്സാഹനവും ഇന്ത്യൻ പോരാട്ടത്തിന് ഊർജം പകർന്നു.
ഇംഗ്ലണ്ട് ലയൺസും ഇന്ത്യ എ ടീമും തമ്മിലുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കാണ് കാര്യവട്ടം സ്പോർട്സ് ഹബ്ബ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. പരമ്പരയിലെ ആദ്യ ഏകദിന മത്സരമാണ് ഇന്നലെ നടന്നത്. ആദ്യമത്സരം 3 വിക്കറ്റിന് ജയിച്ചതോടെ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ 1-0ന് മുൻപിലെത്തി.
രണ്ടാം നിരയിലെ മികച്ച താരങ്ങളുമായി എത്തിയിട്ടുള്ള ഇന്ത്യൻ എ ടീം മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കാൻ ശേഷിയുള്ള ടീമാണെന്ന് ആദ്യമത്സരത്തിൽ തന്നെ തെളിയിച്ചു. അജിങ്ക്യ രഹാനെ, ക്രുണാൽ പാണ്ഡ്യ, ഹനുമാ വിഹാരി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ശർദൂൽ ഠാക്കൂർ, ദീപക് ചാഹർ, ഇഷാൻ കിഷൻ, സിദ്ധാർത്ഥ് കൗൺ മായങ്ക് മാർക്കാണ്ഡെ തുടങ്ങി കാണികൾക്ക് പരിചിതരായ നിരവധി താരങ്ങളാണ് ഗ്രീൻഫീൽഡിന്റെ പച്ചപ്പിൽ കാണികൾക്ക് ആവേശം തീർത്തത്. സാം ബില്ലിംഗ്സും ബെൻ ഡക്കറ്റും അലക്സ് ഡേവിസും ഒലീ പോപ്പും അടക്കമുള്ള ഇംഗ്ലീഷ് താരങ്ങളും ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതരായിരുന്നു.
രണ്ടാം ഏകദിനം നാളെ രാവിലെ 9 മുതൽ നടക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.