തിരുവനന്തപുരം:തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിലൊരു സയൻസ് സെന്റർ, തലസ്ഥാനത്തിന്റെ വലിയൊരു സ്വപ്നമാണ്. ഐ.എസ്.ആർ.ഒ അംഗീകാരം നൽകിയെങ്കിലും ഹെറിറ്റേജ് കമ്മിറ്റിയുടെ എതിർപ്പുകാരണം ആ സ്വപ്നപദ്ധതി സംസ്ഥാനത്തിന് തന്നെ നഷ്ടമാകുന്ന സ്ഥിതിയാണ്. ഐ.എസ്.ആർ.ഒയുടെ 100 കോടി മുതൽമുടക്കുള്ള കലാം നോളജ്സ് സെന്റർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ നിർമ്മാണമാണ് ഹെറിറ്റേജ് കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് പ്രതിസന്ധിയിലായത്. സംസ്ഥാനത്തെ ശാസ്ത്രവിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കൂടി മുൻകൈയെടുത്താണ് സെന്റർ കവടിയാറിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. കവടിയാറിൽ ഇപ്പോൾത്തന്നെ നിരവധി ബഹുനിലകെട്ടിടങ്ങളുണ്ട്. അതിനൊപ്പം കലാം സയൻസ് സെന്റർ കൂടി വന്നാൽ ഹെറിറ്റേജ് സംരക്ഷിക്കാൻ പ്രയാസമാകുമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ ! ഇവിടെ നടപ്പായില്ലെങ്കിൽ ബംഗളൂരുവിലേക്കോ കന്യാകുമാരിയിലേക്കോ ഇത് മാറ്റാനും സാദ്ധ്യതയുണ്ട്.
പദ്ധതിക്കായി കവടിയാറിൽ ആദായനികുതി ആസ്ഥാനത്തിനടുത്ത് 1.75ഏക്കർ സ്ഥലം കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ ഐ.എസ്.ആർ.ഒയ്ക്ക് കൈമാറിയിരുന്നു. ഇവിടെ അഞ്ച് നിലകളുള്ള കലാം സയൻസ് സെന്റർ സ്ഥാപിക്കാനാണ് ഐ.എസ്.ആർ.ഒ.യുടെ തിരുവനന്തപുരം കേന്ദ്രമായ വി.എസ്.എസ്.സി തീരുമാനിച്ചത്. പ്രശസ്ത ആർക്കിടെക്ട് കമ്പനിയായ കോഴിക്കോട്ടെ എൻ.എം. സലിം അസോസിയേറ്റ് പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ സെന്ററിന്റെ പ്ളാനും തയ്യാറാക്കി. കോൺക്രീറ്റ് ഒഴിവാക്കി പൂർണമായും സ്റ്റീലിൽ നിർമ്മിച്ച് കോപ്പർ ക്ളാഡിംഗ് ചെയ്ത ക്ഷേത്രനിർമ്മാണ മാതൃകയിലുള്ളതാണ് സെന്ററിന്റെ ഡിസൈൻ. ഇത് പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്തില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കെട്ടിടത്തിന് മാത്രം 70 കോടിയോളം രൂപയാണ് ചെലവ്. ബേസ്മെന്റിൽ പാർക്കിംഗും മുകളിൽ സയൻസ് സെന്ററും ലൈബ്രറിയും കോൺഫറൻസ് ഹാളും റഫറൻസ് സെക്ഷനും റീഡിംഗ് റൂമും മ്യൂസിയവുമാണ് നിർമ്മിക്കാനുദ്ദേശിച്ചത്. അതീവ സുരക്ഷാമേഖലയായ തുമ്പയിലുള്ള സ്പേസ് മ്യൂസിയം ഇങ്ങോട്ട് മാറ്റാനും പദ്ധതിയിട്ടിരുന്നു.
കലാമിന്റെ പ്രിയപ്പെട്ട അനന്തപുരി
ഐ.എസ്.ആർ.ഒ യുടെ റോക്കറ്റ് വിക്ഷേപണ പരിപാടികൾക്ക് തുടക്കമിട്ട നഗരം, ഡോ. എ.പി.ജെ. അബ്ദുൾ കലാം ജീവിതം തുടങ്ങിയ നഗരം, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സ്ഥലം തുടങ്ങിയ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് കലാം സയൻസ് സെന്ററിന് തിരുവനന്തപുരം തിരഞ്ഞെടുത്തത്. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനും അതിയായ താത്പര്യമുണ്ട്. അതുകൊണ്ടാണ് നിർദ്ദേശം വന്നയുടൻ സ്ഥലം അനുവദിച്ച് വി.എസ്.എസ്.സിക്ക് കൈമാറിയത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. ശിവൻ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയപ്പോഴും കലാം സെന്ററിന്റെ കാര്യം പരാമർശിച്ചിരുന്നു. ഇതിന്റെ നിർമ്മാണത്തിന് തുടക്കമിട്ട് തറക്കല്ലിടൽ നടത്താമെന്നും അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തിയാൽ ഐ.എസ്.ആർ.ഒ ചെയർമാന്റെ സമയം കൂടി പരിഗണിച്ച് അതിന് ദിവസം കുറിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതിനിടയിലാണ് ഹെറിറ്റേജ് കമ്മിറ്റിയുടെ തടസം. അതേസമയം സർക്കാർ അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് വി.എസ്.എസ്.സി.
ഹെറിറ്റേജ് കമ്മിറ്റി
ചീഫ് ടൗൺ പ്ളാനിംഗ് ഒാഫീസർ അദ്ധ്യക്ഷനായ ഹെറിറ്റേജ് കമ്മിറ്റി വിവിധ വകുപ്പ് പ്രതിനിധികളും ആർക്കിടെക്ടുകളും നാറ്റ്പാക് പോലുള്ള ഏജൻസി പ്രതിനിധികളും അടങ്ങിയതാണ്. ഹെറിറ്റേജ് മേഖലയായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ നിർമ്മിതികൾക്ക് ഇൗ സമിതിയുടെ അനുമതി വേണം.കവടിയാർ പാലസും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഹെറിറ്റേജ് മേഖലയാണ്. 2010ലാണ് കവടിയാറിനെയും, പദ്മനാഭസ്വാമി ക്ഷേത്രം, ചാല മാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്ന കിഴക്കേകോട്ടയെയും ഹെറിറ്റേജ് മേഖലയാക്കിയത്. അതിന് ശേഷം വൻകിട കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് കമ്മിറ്റിയുടെ വാദം.