യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലിൽ പങ്കെടുത്ത പ്രവർത്തകർ യാത്രക്കാരെ ഏജീസ് ഓഫീസിനുമുന്നിൽ തടയുന്നു ഫോട്ടോ: മനു മംഗലശ്ശേരി
തിരുവനന്തപുരം: പ്രളയാനന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകർച്ച, വിശ്വാസികളോടുള്ള വഞ്ചന തുടങ്ങിയ വിഷയങ്ങളുന്നയിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് വളയൽ ജനങ്ങളെ വലച്ചു. ഇന്നലെ രാവിലെ അഞ്ച് മണിക്ക് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിച്ചെങ്കിലും, ഭരണസിരാകേന്ദ്രത്തിന് മുന്നിലൂടെയുള്ള പ്രധാന റോഡിലെ ഗതാഗതം താറുമാറായി.
നേതാക്കളെല്ലാം പതിനൊന്ന് മണിയോടെയാണ് സമര സ്ഥലത്തേക്ക് എത്തിയതെങ്കിലും, പ്രവർത്തകർ പുലർച്ചെ തന്നെ സമര ഗേറ്റിൽ എത്തിയിരുന്നു. പ്രവർത്തകർ കൂട്ടത്തോടെ എത്തുമെന്ന് മനസിലാക്കിയ പൊലീസ് അതിരാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കന്റോൺമെന്റ് ഒഴികെയുള്ള ഗേറ്റുകളെല്ലാം രാവിലെ ബാരിക്കേഡ് ഉയർത്തി അടച്ചു. മൂന്ന് കവാടങ്ങളിലും ശക്തമായ കാവലും ഏർപ്പെടുത്തി. മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമെല്ലാം കന്റോൺമെന്റ് ഗേറ്റ് വഴിയാണ് ഓഫീസിലേക്ക് പ്രവേശിച്ചത്.
പാളയത്തുനിന്ന് കിഴക്കോകോട്ടയിലേക്ക് പോകേണ്ട വാഹന യാത്രക്കാരാണ് ഏറെ നട്ടംതിരിഞ്ഞത്. പി.എം.ജിയിൽ നിന്നുള്ള വാഹനങ്ങളെ പാളയം പബ്ളിക് ലൈബ്രറിക്ക് സമീപത്തെ റോഡിലൂടെ ബേക്കറി ജംഗ്ഷനിലേക്ക് തിരിച്ചുവിട്ടു. ഇതോടെ നന്ദാവനം പൊലീസ് ക്യാമ്പിന് മുന്നിലൂടെ ബേക്കറിയിലേക്ക് പോകുന്ന റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ബേക്കറി ജംഗ്ഷൻ കുരുക്കിലമർന്നതോടെ പനവിളയിൽ നിന്ന് വഴുതക്കാട്ടേക്കുള്ള വാഹനങ്ങളും കുരുക്കിൽപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നിന്ന് സ്പെൻസർ ജംഗ്ഷനിലേക്കുള്ള വഴിയിലും ബാരിക്കേഡ് ഉയർത്തി വാഹനഗതാഗതം പൊലീസ് തടഞ്ഞു. സ്പെൻസറിൽ നിന്ന് ബേക്കറിയിലേക്കുള്ള റോഡിലും പൊലീസ് ബാരിക്കേഡുവച്ചു തടഞ്ഞു. ഇതോടെ സാഫല്യം കോംപ്ളക്സിനരികിലൂടെയുള്ള റോഡിലൂടെ ജേക്കബ്സ് ജംഗ്ഷനിലേക്ക് വാഹനങ്ങൾ എത്തിയെങ്കിലും ആ റോഡും പൊലീസ് അടച്ചതിനാൽ കുറുക്കുവഴി തേടിയ ഇരുചക്ര വാഹന, ആട്ടോറിക്ഷാ യാത്രക്കാരും വലഞ്ഞു.
എംപാനൽ കണ്ടക്ടർമാരുടെ റിലേ ശയന പ്രദക്ഷിണം നടക്കുന്നതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള റോഡിൽ ഒരുവശത്ത് കൂടിയാണ് ഗതാഗതം അനുവദിച്ചിരുന്നത്. ഒമ്പത് മണിയോടെ ഉപരോധത്തിൽ പങ്കെടുക്കാൻ എത്തിയ യു.ഡി.എഫ് പ്രവർത്തകർ സമരഗേറ്റിന് മുന്നിൽ ഇരുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ഓഫീസുകളിലും മറ്റുമായി പോകാനെത്തിയവർ ഗതാഗതക്കുരുക്കിൽ എങ്ങോട്ട് പോകണമെന്നറിയാതെ വട്ടംകറങ്ങി. പ്രധാന റോഡുകളെല്ലാം സമരക്കാരുടെയും പൊലീസിന്റെയും നിയന്ത്രണത്തിലായതോടെ ഇടറോഡുകളിൽ അഭയം തേടിയവരും കുടുങ്ങി. കന്റോൺമെന്റ് ഗേറ്റിലേക്കുള്ള ഗതാഗതം തടഞ്ഞതോടെ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടി. സമീപത്തെ കമ്പിവേലി ചാടിക്കടന്നാണ് പലരും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പോയത്. സ്ത്രീകൾക്ക് ചവിട്ടിക്കയറുന്നതിനായി ചെറിയ സ്റ്റൂൾ പൊലീസുകാർ തയ്യാറാക്കിയിരുന്നു.
പ്രായമായവരെ പൊലീസുകാർ ചേർന്ന് എടുത്ത് ബാരിക്കേഡിന് അപ്പുറത്ത് എത്തിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയ ജീവനക്കാരെ യു.ഡി.എഫ് പ്രവർത്തകർ പുലഭ്യം പറഞ്ഞതായും യാത്രക്കാരെ തടയാൻ ശ്രമിച്ചതായും ആരോപണമുണ്ട്.