തിരുവനന്തപുരം: കേന്ദ്രസർക്കാർ പാട്ടത്തിനു വച്ചിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാൻ വ്യോമയാന രംഗത്തെ ആഗോള ഭീമന്മാർ രംഗത്ത്. ജർമ്മനി, കാനഡ, ആസ്ട്രേലിയ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലെ വ്യോമയാന കമ്പനികളാണ് രംഗത്ത്. ഇവരെല്ലാം വിമാനത്താവളത്തിന്റെ പാട്ടലേലത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, സർക്കാർ പുതുതായി രൂപീകരിച്ച തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) കമ്പനിയും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. ചീഫ് സെക്രട്ടറി ടോംജോസ്, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് കരാർ നേടിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഫെബ്രുവരി 14 വരെയാണ് ടെൻഡർ നൽകാനാവുക.
ജർമ്മിനിയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അവി അലയൻസ്, ആസ്ട്രേലിയയിലും ന്യൂസിലാൻഡിലും ശക്തമായ ആഗോള ഇൻവെസ്റ്റ്മെന്റ് കമ്പനി എ.എം.പി കാപ്പിറ്റൽ, കാനഡയിലെ ബ്രൂക്ക് ഫീൽഡ് അസറ്റ് മാനേജ്മെന്റ് കമ്പനി, ആസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് ബാങ്കും ഫിനാൻഷ്യൽ സർവീസ് കമ്പനിയുമായ മാക്വെയർ ഗ്രൂപ്പ്, ഫ്രാൻസിലെ വിമാനത്താവള നടത്തിപ്പുകാരായ എയർപോർട്ട് ഡി പാരിസ്, 16 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ഇറ്റലിയിലെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്പോർട്ട് കമ്പനി അറ്റ്ലാന്റിയ എന്നിവരാണ് രംഗത്തുള്ളത്. ഫ്രഞ്ച് കമ്പനിയായ എയർപോർട്ട് ഡി പാരിസിന് സൗദിഅറേബ്യ, ചൈന, കൊറിയ, ജപ്പാൻ, ഒമാൻ, ഇറാൻ, ഖത്തർ, ഈജിപ്റ്റ്, യു.എ.ഇ തുടങ്ങി 16 രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ നവീകരിച്ചും വികസിപ്പിച്ചും പരിചയമുണ്ട്. ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിലും മൗറീഷ്യസ് വിമാനത്താവളത്തിലുമടക്കം 10 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഓഹരിപങ്കാളിത്തമുണ്ട്. ജർമ്മൻ കമ്പനിയായ അവി അലയൻസ് ഏഥൻസ് വിമാനത്താവളമടക്കം 5 വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരാണ്. പ്രതിവർഷം 90 മില്യൺ യാത്രക്കാരാണ് അവി അലയൻസിന്റെ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്.
സ്വകാര്യവത്കരണത്തിനായി വിമാനത്താവളവും 628.70ഏക്കർ ഭൂമിയും പാട്ടത്തിന് നൽകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സ്വകാര്യവത്കരിക്കാതെ വിമാനത്താവളം സംസ്ഥാനത്തിന് കൈമാറണമെന്നാണ് സർക്കാർ നിലപാട്. ടെൻഡർതുക കണക്കിലെടുക്കാതെ, സർക്കാരിന് വേണ്ടെങ്കിൽ മാത്രമേ ലേലത്തിൽ സ്വകാര്യ കമ്പനിയെ വിളിക്കൂ (റൈറ്റ് ഒഫ് ഫസ്റ്റ് റെഫ്യൂസൽ) എന്ന ഉറപ്പു കിട്ടിയതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പിനും വികസനത്തിനുമായി ടിയാൽ കമ്പനി രൂപീകരിച്ചത്. പക്ഷേ ടിയാലിന് സ്വകാര്യപങ്കാളിയെ ഉറപ്പിക്കാനുള്ള ആഗോള താത്പര്യപത്രത്തിന് ടെൻഡർ വിളിക്കാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, വികസനം, നടത്തിപ്പ് എന്നിവ പൂർണമായി പാട്ടത്തിൽ കൈമാറാനാണ് എയർപോർട്ട് അതോറിട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങളിലും എയർപോർട്ടുകളുടെ നടത്തിപ്പിലും വൈദഗ്ദ്ധ്യമുള്ള കമ്പനിയെയാവും ടിയാലിൽ സ്വകാര്യപങ്കാളിയാക്കുക. ഇതിനുള്ള ആദ്യപടിയായി നെതർലാൻഡ് ആസ്ഥാനമായ കെ.പി.എം.ജിയെ ടെക്നിക്കൽ ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടന്റാക്കിയിട്ടുണ്ട്.
വിദേശകമ്പനികൾ വിമാനത്താവളം ലേലത്തിനെടുത്താൽ നിരവധി ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കമ്പനികളുമായി ചേർന്നുണ്ടാക്കുന്ന കൺസോർഷ്യത്തിന് ലോകോത്തരസൗകര്യങ്ങൾ ഒരുക്കാം. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് വൻതോതിൽ വിദേശനിക്ഷേപം വരും. കൂടുതൽ രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ തുടങ്ങാം, കണക്ഷൻ സർവീസുകളും കൂടും. പക്ഷേ, വിമാനസർവീസുകളുടെ നിയന്ത്രണമൊഴികെ എല്ലാം വിമാനത്താവള അതോറിട്ടിക്ക് നഷ്ടമാവും. പാട്ടഭൂമിയിൽ നിയന്ത്രണമില്ലാതാവും. റിയൽഎസ്റ്റേറ്റ് വികസനത്തിലാവും കമ്പനികളുടെ കണ്ണ്. വിദേശനിക്ഷേപത്തോടെയുള്ള സൗകര്യങ്ങൾ വരുന്നതോടെ, മുടക്കുമുതൽ തിരിച്ചുപിടിക്കാൻ യൂസർഫീസ് വർദ്ധിച്ചേക്കാനിടയുണ്ട്.
തീരാത്ത ആശങ്കകൾ
വിമാനത്താവളത്തിന്റെ നടത്തിപ്പ് സർക്കാരിന്റെ ടിയാൽ കമ്പനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംയുക്ത പങ്കാളിയെ കണ്ടെത്താൻ ആഗോള താത്പര്യപത്രം വിളിക്കും.- ബി.ജി. ഹരീന്ദ്രനാഥ് (നിയമസെക്രട്ടറി)