തിരുവനന്തപുരം: പ്രളയ രക്ഷാദൗത്യത്തിന് ഉപയോഗിച്ച വിമാനങ്ങളും സേനയിലെ അത്യാധുനിക ആയുധങ്ങളും പരിചയപ്പെടുത്തുന്ന ദക്ഷിണ വ്യോമ സേനയുടെ 'നോ യുവർ ഫോഴ്സ് " (നിങ്ങളുടെ സേനയെ അറിയുക) എന്ന പ്രദർശനം ശ്രദ്ധേയമായി.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ശംഖുംമുഖം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി എ.എൻ. 32, ആവ്റോ , മി 17 വി 5 തുടങ്ങി അത്യാധുനിക വിദേശ നിർമ്മിത വിമാനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രദർശനമാണ് ശ്രദ്ധേയമായത്. ഇസ്രയേലിൽ നിർമ്മിച്ച അത്യാധുനികമായ ആയുധങ്ങളുടെ ശേഖരവും പ്രദർശനത്തിലുണ്ട്.
ഒരു പ്രാവശ്യം ലോഡ് ചെയ്താൽ 50 മുതൽ 60 വരെ വെടി ഉതിർക്കാൻ കഴിയുന്ന സ്നിപ്പർ റൈഫിൾ, എ.കെ 47 തോക്കിന്റെ പരിഷ്കരിച്ച പതിപ്പായ 56, ശബ്ദം പുറത്തുകേൾക്കാതെ വെടിയുതിർക്കുന്ന സൈലൻസർ ഘടിപ്പിച്ച സ്നിപ്പർ റൈഫിൾ, ലൈറ്റ് മെക്കാനിക് വെപ്പൺ (എൽ. എം .ജി) തുടങ്ങി സേനയിലെ അത്യാധുനിക ആയുധങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി. പ്രളയസമയത്ത് ഹെലികോപ്ടറിലൂടെ കുട്ടികളെയടക്കം നിരവധി പേരെ രക്ഷിച്ച ഐ.എ.എഫ് വിംഗ് കമാൻഡർ കാട്ടാക്കട സ്വദേശി പ്രശാന്താണ് തോക്കുകൾ പരിചയപ്പെടുത്തിയത്. കോയമ്പത്തൂർ സുലൂറിൽ പ്രവർത്തിക്കുന്ന ഗരുഡ് എയർഫോഴ്സ് കമാന്റ് ടീമിൽ നിന്നു കൊണ്ടുവന്ന ആയുധങ്ങളും ഹെൽമെറ്റും ബൈനോക്കുലറുമടക്കം ജാക്കറ്റും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. അവ്റോ വിമാനത്തിൽ ഇരിക്കാനും കോക്പിറ്റിലെ പ്രവർത്തനങ്ങൾ നേരിട്ടുകാണാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സാരംഗ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറും പ്രദർശനത്തിലുണ്ടായിരുന്നു. പ്രദർശനം ഇന്നലെ സമാപിച്ചു.
കുട്ടികളെ സേനയിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് സേനാ സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനുമാണ് പ്രദർശനം നടത്തുന്നതെന്ന് എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് സതേൺ എയർകമാന്റ് (എസ്.എ.സി) ബി. സുരേഷ് പറഞ്ഞു.