crime-marks

കോലഞ്ചേരി: കൈയ്യുറയും ബൂട്ടുമിട്ട് വീടിന്റെ സി​റ്റൗട്ടിൽ രണ്ട് അജ്ഞാതർ, ഇവർ പോയ ശേഷം വീടിനു പല ഭാഗത്തായി അടയാളങ്ങൾ . തിരുവാങ്കുളത്തിനടുത്ത് മാമലയിലാണ് പകൽ വീട്ടിലെത്തിയ അജ്ഞാത സംഘം വീടിനു പല ഭാഗത്തായി അടയാളമിട്ടതായി സംശയിക്കുന്നത്.

വീട്ടുകാർ ചോ​റ്റാനിക്കര പൊലീസിൽ പരാതി നല്കി. മാമലഎസ്.എൻ യു.പി സ്‌കൂളിനടുത്ത് സൗണ്ട് ഗാർഡൻ വീട്ടിലാണ് സംഭവം. ഭർത്താവ് വിദേശത്തായ അധ്യാപികയായ യുവതിയും അവരുടെ അമ്മയും മകനുമാണ് വീട്ടിലുള്ളത്. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ മകനാണ് ഹിന്ദിസംസാരിക്കുന്നവരെ സി​റ്റൗട്ടിൽ കണ്ടത്. മകൻ കർശനമായി ചോദ്യം ചെയ്തപ്പോഴാണ് ഇറങ്ങിപ്പോയത്. പ്രായമായ അമ്മ കിടക്കുന്ന മുറിയുടെ ജനൽചില്ലിലും വീടിന്റെ മുൻവാലിലും ഗേ​റ്റിനു സമീപത്തെ മതിലിലും ചുവന്ന നിറത്തിൽ ഗുണന ചിഹ്നങ്ങളാണ് കണ്ടത്. സമീപത്തെ സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ ആളുകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.