moushmi

ന്യൂഡൽഹി: ടിവി ചാനൽ അവതാരകയെ ഉപദേശിച്ച് അഭിനേത്രിയും ബി.ജെ.പി നേതാവുമായ മൗഷ്മി ചാറ്റർജി. അവതാരകയായ പെൺകുട്ടി ധരിച്ചിരിക്കുന്ന പാന്റ്സിന് പകരം സാരിയോ സൽവാറോ ധരിക്കണമെന്നായിരുന്നു മൗഷ്മിയുടെ ഉപദേശം. അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഉപദേശിക്കുന്നതെന്നും അതിനുള്ള എല്ലാ അധികാരവും അവകാശവും തനിക്കുണ്ടെന്നും മൗഷ്മി ന്യായീകരിച്ചു.

സൂററ്റിലെ ഒരു ഹോട്ടലിലെ വാർത്താ സമ്മേളനത്തിലാണ് ബി.ജെ.പി നേതാവ് അവതാരകയെ വസ്ത്ര ധാരണത്തിന്റെ പേരിൽ പരസ്യമായി ഉപദേശിച്ചത്. പരിപാടി തുടങ്ങുന്നതിന് മുൻപ് അതിഥികളെ പരിചയപ്പെടുത്തിയ ശേഷം മൈക്ക് കൈമാറിയപ്പോഴാണ് നേതാവിന്റെ ഉപദേശം.

''ഇപ്പോൾ നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രം ശരിയല്ല, ഇതിന് പകരം സാരിയോ, ചുരിദാറോ, കുർത്തിയോ ധരിക്കാമായിരുന്നു. ഞാൻ നിങ്ങളേക്കാൾ മുതിർന്നതാണ്, നിങ്ങളുടെ അമ്മയ്ക്ക് തുല്യമായ സ്ഥാനത്ത് നിന്ന് കൊണ്ടാണ് ഇത് പറയുന്നത്.'' മൗഷ്മി പറഞ്ഞു. എന്റെ മക്കളെ സമൂഹത്തിന് മുന്നിൽ ഇത്തരം വേഷം അണിയാൻ ഞാൻ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ നേരത്തേ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു മൗഷ്മി ആവർത്തിച്ചത്. ''എന്റെ വാക്കുകൾ തെറ്റിദ്ധരിക്കരുത്. ഞാനൊരു ബി.ജെ.പി നേതാവായിട്ടല്ല ഒരു അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഉപദേശിക്കുന്നതെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഒരു ഭാരത സ്ത്രീ എന്ന നിലയിൽ യുവതി എന്ത് എവിടെ എങ്ങനെ ധരിക്കണം എന്ന് ഉപദേശിക്കാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു'' മൗഷ്മി പ്രതികരിച്ചത്.