p-sreeramakrishnan

തിരുവനന്തപുരം: ലോക കേരളസഭയ്‌ക്കുവേണ്ടി സർക്കാർ പണം ധൂർത്തടിക്കുന്നില്ലെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. തെറ്റിദ്ധാരണമൂലമാണ് ചിലർ ഇത്തരം വാർത്ത പ്രചരിപ്പിക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്‌പീക്കർ എന്നിവരുടെ ചിലവുകൾ മാത്രമാണ് സർക്കാർ വഹിക്കുക. ദുബായിൽ നടക്കുന്നത് ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് സമ്മേളനമാണെന്നും സ്‌പീക്കർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ലോക കേരള സഭയ്‌ക്കുവേണ്ടി സർക്കാർ പണം ധൂർത്തടിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. പ്രളയക്കെടുതിയെ തുടർന്ന് ആഘോഷങ്ങൾ ഉപേക്ഷിച്ച സർക്കാർ ദുബായിൽ കോടികൾ പൊടിച്ചാണ് ലോക കേരള സഭ നടത്താൻ തീരുമാനിച്ചതെന്നായിരുന്നു വാർത്ത. നാലുകോടി രൂപ ചെലവാക്കി കഴിഞ്ഞ വർഷം ജനുവരിയിൽ നിയമസഭയിലായിരുന്നു ലോക കേരള സഭയുടെ ആദ്യ യോഗം നടന്നത്. തുടർച്ചയായുള്ള ആദ്യമേഖല സമ്മേളനം ദുബായിൽ അടുത്തമാസം 15നും 16നും നടത്താനാണ് തീരുമാനം.