തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ബി.ജെ.പി നേതൃയോഗം ഇന്ന് തൃശൂരിൽ ചേരും. ശബരിമലയുമായി വിഷയം കത്തിനിൽക്കുന്നതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന ബി.ജെ.പി മുതിർന്ന നേതാക്കളെ രംഗത്തിറക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയും മത്സരിക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി രമേശ്, എ.എൻ രാധാകൃഷ്ണൻ, എന്നിവരും മത്സരരംഗത്തുണ്ടാകും.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളായ തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, കെ.പി ശശികല എന്നിവരാണ് പരിഗണനയിലുള്ളത്. ഇവരെ കൂടാതെ ആറ്റിങ്ങൽ മണ്ഡലത്തിൽ മുൻ പൊലീസ് മേധാവി ടി.പി സെൻകുമാറിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. സീറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശബരിമല കർമ്മസമിതിയുമായി ചേർന്ന് ആലോച്ച ശേഷമായിരിക്കും അന്തിമതിരുമാനം കൈക്കൊള്ളുക. ഇതോടൊപ്പം ബി.ഡി.ജെ.എസിന് ഏതൊക്കെ സീറ്റുകൾ നൽകണമെന്ന കാര്യവും ഇന്നത്തെ നേതൃയോഗത്തിൽ ചർച്ച ചെയ്യും.
അതേസമയം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം ഫലം കണ്ടില്ലെന്ന സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവനയും ഇന്നതെ യോഗത്തിൽ ചർച്ച ചെയ്യും. ഇതിനെതിരെ മുരളീധരപക്ഷത്തിന് വിമർശനം ഉന്നയിക്കാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ സമരത്തിൽ മുരളീധര വിഭാഗം മുഖം തിരിച്ചത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കും . ആദ്യം കോർകമ്മിറ്റിയും പിന്നീട സംസ്ഥാന ഭാരവാഹികളുടേയും ലോക്സഭാ മണ്ഡലങ്ങളുടെ ഇൻചാർജ്ജ്മാരുടേയും യോഗങ്ങളാണ് ചേരുന്നത്.