മുംബയ്: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന സ്വാഗതം ചെയ്തു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ശിവസേനാ വക്താവ് മനീഷ കയാന്ദെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്ന ജനങ്ങൾ പ്രിയങ്കയിൽ ഇന്ദിരാഗാന്ധിയെ കാണും. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ പ്രിയങ്കയ്ക്കുണ്ട്. നല്ല വ്യക്തിത്വവും വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവും അവർക്കുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞു.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ കുടുംബ വാഴ്ചയെന്ന് പറഞ്ഞ് ബി.ജെ.പി വിമർശിക്കുമ്പോഴാണ് ശിവസേന പിന്തുണയ്ക്കുന്നത്. മുൻപ് രാഹുൽഗാന്ധിയെയും ശിവസേന പുകഴ്‌ത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കിഴക്കൻ ഉത്തർ പ്രദേശിന്രെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പൂർ എന്നിവ ഉൾപ്പെടുന്നതാണ് കിഴക്കൻ യു.പി. അതേസമയം, 2014ലെ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം തകർച്ചയിലാണ്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒറ്റയ്‌ക്ക് മത്സരിച്ചിരുന്നു.