currency

സിഡ്നി: ബീഫ് വിഷയത്തിന്റെ അലയൊലി ഇന്ത്യയിൽ കുറഞ്ഞുവരുന്നതേയുള്ളു അപ്പോഴാണ് ലോകത്തിന്റെ മറ്റൊരിടത്ത് ബീഫ് ചർച്ചാ വിഷയമായിരിക്കുകയാണ്. ബീഫിന്റെ അംശം അടങ്ങിയെന്ന് ആരോപിച്ച് കറൻസി നോട്ടുകളാണ് ഇത്തവണ കുരുക്കിലായിരിക്കുന്നത്. ഓസീസിലെ കറൻസി നോട്ടുകളിൽ പശുവിറച്ചിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഘടകം ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം. ഓസീസിലെ പോളിമർ കറൻസി നോട്ടുകളിൽ പശുവിന്റെയും ആടിന്റെയും ഇറച്ചിയിൽ നിന്ന് ഉദ്പാദിപ്പിക്കുന്ന 'ടാലോ' എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തേ ബ്രിട്ടനിലെ കറൻസികളിലും ടാലോ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസിൽ നിന്നും പുതിയ പ്രതിഷേധ വാർത്തകൾ പുറത്ത് വരുന്നത്.

നോട്ടുകൾ അടുക്കി വയ്ക്കുമ്പോൾ തെന്നി വീഴാതിരിക്കാനും ഘർഷണം മൂലം വൈദ്യുതോർജ്ജം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ടാലോ ഉപയോഗിക്കുന്നത്. ഇനി പുറത്തിറക്കാനിരിക്കുന്ന 20,​ 100ഡോളറിന്റെയും കറൻസികളിൽ ടാലോയുടെ ഉപയോഗം ഒഴിവാക്കണമെന്ന് അമേരിക്ക ആസ്ഥാനമായ യൂണിവേഴ്സൽ സൊസൈറ്റി ഒഫ് ഹിന്ദുയിസം എന്ന സംഘടന ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ഓസ്ട്രേലിയൻ റിസർവ് ബാങ്ക് ഗവർണറോട് സംഘടന പ്രസിഡന്റ് രാജൻ സെദ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബീഫ് ഉപയോഗിക്കുന്നത് ഹൈന്ദവ വിശ്വാസത്തിന് എതിരാണെന്നും,​ ഹൈന്ദവ വിശ്വാസ കേന്ദ്രങ്ങളിൽ ഇതിന് പ്രവേശനമില്ലെന്നും രാജൻ സെദ് പറയുന്നു. ബീഫിന്റെ അംശമുള്ള നോട്ടുകളുമായി ബാങ്ക് മുന്നോട്ട് പോകുന്നത് ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദിത്തപരമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.