narendra-modi-at-kerala
കൊല്ലം കന്റോൺമെന്റ് മൈതാനിയിലെ എൻ.ഡി.എ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. (ഫയൽ ചിത്രം)

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് രണ്ട് സീറ്റിൽ ഉറപ്പായും വിജയിക്കാനുള്ള തന്ത്രങ്ങൾക്ക് ബി.ജെ.പി രൂപം നൽകും. അഞ്ചുസീറ്രാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെങ്കിലും രണ്ട് സീറ്രിൽ എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലാണ് പാർട്ടി കൂടുതലും പ്രതീക്ഷയർപ്പിക്കുന്നത്. ഇതു കൂടാതെ മറ്ര് ചില സീറ്രുകളിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് രണ്ടാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട മണ്ഡലത്തിലും പാർട്ടി പ്രതീക്ഷയർപ്പിക്കുന്നു. എൻ.എസ്.എസിന്റെ പിന്തുണയും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ കേരളത്തിൽ നിന്ന് സീറ്ര് നേടിയെടുക്കാൻ കേന്ദ്ര നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

bjp-to-win-two-seats-in-k

യു,പി, ബിഹാ‌ർ, ഗുജറാത്ത് , മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി അറുപതോളം സീറ്രുകൾ നഷ്ടപ്പെടുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ . പശ്ചിമബംഗാൾ, ഒറീസ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടു ഡസൻ സീറ്ര് മാത്രമാണ് അധികം കിട്ടുക. മറ്ര് സംസ്ഥാനങ്ങളിൽ ഈ നഷ്ടം നികത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം . ഈ സമ്മർദ്ദമാണ് കേരള ഘടകം നേരിടുന്നത്. ഇതുകൊണ്ടാണ് രണ്ട് സീറ്രെങ്കിലും ജയിച്ചേ തീരൂ എന്ന അവസ്ഥയിലേക്ക് ബി.ജെ.പിയെ എത്തിച്ചിരിക്കുന്നത്.

ഇതോടൊപ്പം ആറ്രിങ്ങൽ, മാവേലിക്കര, തൃശൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലും കടുത്ത മത്സരമാവും കാഴ്ചവയ്ക്കുക. ബി.ജെ.പി പ്രമുഖ സ്ഥാനാർത്ഥികളെ തന്നെയാവും ഇത്തവണ പോരാട്ടത്തിനിറക്കുക. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികല, മുൻ ഡി.ജി.പി ടി.പി.സെൻകുമാർ എന്നിവരും സ്ഥാനാർത്ഥികളാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എം.ടി.രമേശ് , പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ , പട്ടിക ജാതി മോർച്ച പ്രസിഡന്റ് പി.സുധീർ തുടങ്ങിയവരൊക്കെ സ്ഥാനാർത്ഥി പട്ടികയിലുണ്ടാവും. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുള്ള പ്രാഥമിക ചർച്ച ഇന്ന് തൃശൂരിൽ നടക്കുന്ന കോർ കമ്മിറ്രിയിൽ നടക്കും.