kerala-police

കല്ലറ: പാല് കൊടുത്ത കൈയിൽ പാമ്പ് കടിച്ചു എന്ന ചൊല്ലുപോലെയായി മദ്യലഹരിയിൽ കിണറ്റിൽ കണ്ടെത്തിയ മദ്ധ്യവയസ്കനെ രക്ഷിക്കാനെത്തിയ പൊലീസിന്റെ അവസ്ഥ. രക്ഷപ്പെടുത്തിയതിന് പ്രത്യുപകരാമായി കിട്ടിയതോ മുട്ടൻ തെറിയും. തെറിയഭിക്ഷേകത്തിൽ പൊറുതിമുട്ടിയ പൊലീസ് ഒടുവിൽ അയാളെ അവിടെ ഉപേഷിച്ച് സ്ഥലം വിടുകയും ചെയ്തു. ഭരതന്നൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

ഭരതന്നൂർ സ്വദേശിയായ മദ്ധ്യവയസ്കനെയാണ് നാട്ടുകാർ കിണറ്റിനുള്ളിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാങ്ങോട് നിന്നും എത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തെടുക്കുകയായിരുന്നു. പരിക്കുകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതുമില്ല. മദ്യപിച്ച് നിലതെറ്റിയ അവസ്ഥയിലായിരുന്നു കക്ഷി. കരയ്ക്കെത്തിച്ചശേഷം വിവരങ്ങൾ ചോദിയ്ക്കാനാരുങ്ങിയപ്പോഴാണ് ഇയാൾ ചാടിയെഴുന്നേറ്റ് പൊലീസിനെ തെറി വിളിയ്ക്കാൻ തുടങ്ങിയത്. തെറിയഭിക്ഷേകം കേട്ട് പൊലീസും വിരണ്ടു. ബോധമില്ലാത്തയാളെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയാൽ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകൾ ഓർത്ത് അതിനും മുതിർന്നില്ല സഹികെട്ട പൊലീസ് ഒരു വിധത്തിൽ ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഏൽപ്പിച്ച് സ്ഥലം വിടുകയും ചെയ്തു.