കോഴിക്കോട്: ബന്ധു നിയമന വിവാദത്തിന് പുറകെ മറ്റൊരു നിയമനം കൂടി ചോദ്യം ചെയ്‌ത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തി. ഡെപ്യൂട്ടി ടെക്‌നിക്കൽ ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനം വഴിവിട്ട രീതിയിലാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി. സി.പി.എം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധു ഡി.എസ് നീലകണ്ഠനെ വഴിവിട്ട രീതിയിലാണ് നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി ജലീൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും അതിന് തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നീലകണ്ഠനെ നിയമിച്ചത് ഇൻഫർമേഷൻ മിഷൻ ഡപ്യൂട്ടി ഡയറക്ടറായാണ്. 1,10,000 രൂപ പ്രതിമാസശമ്പളം നൽകിയാണ് നിയമനം. സർക്കാരിന്റെയും ധനവകുപ്പിന്റെയും അനുമതിയില്ല. ഇക്കാര്യം ജലീൽ നേരിട്ട് കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും ജലീലുമായി അടുത്ത വൃത്തങ്ങൾ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.
മന്ത്രിബന്ധുവായ കെ.ടി.അദീബിനെ സർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഫിറോസ് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നവംബർ 3നു വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി. 23നു ഡയറക്ടർ പരാതി സർക്കാരിനു കൈമാറി. എന്നാൽ 2 മാസമായിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയിൽ പോകുമെന്നു ഭയമുള്ളതുകൊണ്ട് മനഃപൂർവം കാലതാമസം വരുത്തുകയാണ്. വിജിലൻസ് അന്വേഷണം ആരംഭിച്ചാൽ മന്ത്രിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചാൽ പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ഭയംകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.