raghu-ram-rajan-

ദാവോസ്: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സഖ്യ സർക്കാർ അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ അഭിപ്രായപ്പെട്ടു. താൻ ഒരു രാഷ്ട്രീയക്കാരനല്ല. എന്നാൽ എല്ലാ രാഷ്ട്രീയക്കാരുമായും സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2019ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ധനമന്ത്രി താങ്കളായിരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങൾ വെറും അഭ്യൂഹങ്ങളാണെന്നും താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നുമായിരുന്നു രഘുറാം രാജന്റെ മറുപടി. ഇന്ത്യയുടെ കാർഷിക പ്രതിസന്ധികൾ എത്രയും പെട്ടെന്ന് പരിഹരിക്കണം. കഴിഞ്ഞ അഞ്ച് വർഷങ്ങളായി രാജ്യത്ത് മിതമായ നിരക്കിലുള്ള സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്‌മ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും രഘുറാം രാജൻ വ്യക്തമാക്കി.