malapuram-football-player

മലപ്പുറം: കല്യാണദിവസം ഏതൊരാളുടെയും ജീവിതത്തിലെ പ്രധാനപ്പെട്ടതാണ്. ജീവിതകാലം മുഴുവൻ ഓർത്തുവയ്‌ക്കാൻ കഴിയുന്ന ഒരായിരം അനുഭവങ്ങൾ സമ്മാനിക്കാനും ഈ ദിവസത്തിനാകും. എന്നാൽ ആദ്യരാത്രിയിൽ തന്നെ മണിയറയിൽ നിന്നും വരൻ മുങ്ങിയാൽ എന്തായിരിക്കും സ്ഥിതി. മലപ്പുറം മഞ്ചേരിയിലാണ് കഴിഞ്ഞ ദിവസം കൗതുകം നിറഞ്ഞ ഈ സംഭവത്തിന് വേദിയായയത്. വണ്ടൂർ ഐലാശ്ശേരി സ്വദേശി റിദ്‌‌വാനാണ് കല്യാണദിവസം തന്നെ ഒലവക്കോട് സ്വദേശിനി ഫായിദയെ മണിയറയിൽ തനിച്ചാക്കി മുങ്ങിയത്. ആദ്യരാത്രിയിൽ പുള്ളിക്കാരൻ പോയത് എങ്ങോട്ടാണെന്ന് അറിഞ്ഞാൽ എല്ലാവരും മൂക്കത്ത് കൈവയ്‌ക്കും. സെവൻസ് ഫുട്ബോൾ കളിക്കാനായിരുന്നു റിദ്‌വാൻ രാത്രിയിൽ മുങ്ങിയത്.

ഞായറാഴ്ചയായിരുന്നു റിദ്‌വാന്റെ വിവാഹം. വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനൽ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്‌വാൻ അറിയുന്നതു വിവാഹ ദിനം രാവിലെയാണ്. ഇതേ ടീമിനോട് കഴിഞ്ഞ ടൂർണമെന്റിൽ തോറ്റതിന്റെ വാശി ഉള്ളിലുണ്ടായിരുന്ന റിദ്‌വാൻ എന്ത് വില കൊടുത്തും കളത്തിലിറങ്ങണമെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹച്ചടങ്ങിനിടയിൽ വച്ച് തന്നെ ഫായിദയോട് കാര്യം പറഞ്ഞു. വൈകിട്ട് ആറോടെ സത്കാരമെല്ലാം പൂർത്തിയാക്കി ബൈക്കുമെടുത്ത് നേരെ ഗ്രൗണ്ടിലേക്ക്. വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളോടെ റിദ്‌വാന്റെ ടീം ഫൈനലിലെത്തി. എല്ലാം കഴിഞ്ഞ് വീട്ടലെത്തിയപ്പോൾ ഫായിദയുടെ ചോദ്യം കേട്ടാണ് റിദ്‌വാൻ ശരിക്കും ഞെട്ടിയത്. 'മത്സരം പകലായിരുന്നെങ്കിൽ ഇങ്ങള് കല്യാണത്തിനും വരൂലായിരുന്നല്ലേ....'