health-care

കേരളം തണുത്ത് മരവിക്കുകയാണ്. തണുപ്പ് പതിവിലും കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ മഞ്ഞുകാലത്ത് ശരീരത്തിലുള്ള ജലാംശം നഷ്ടമാവുകയും ശരീരം കൂടുതൽ വരണ്ടതാവുകയും ചെയ്യും. ചുണ്ടുകൾ വെടിച്ചു കീറുകയും ചർമ്മം വരണ്ടതാവുകയും ചെയ്യുക സ്വാഭാവികം. ചില മുൻകരുതലുകളെടുത്താൽ ഈ മഞ്ഞുകാലവും സുന്ദരമാക്കാവുന്നതേയുള്ളൂ. അതിന് ചില പൊടിക്കൈകൾ ശ്രദ്ധിച്ചാൽ മതി.

കുളിക്കാം ചൂടുവെള്ളത്തിൽ
തണുപ്പാണെന്ന് കരുതി കുളിക്കാൻ മടിക്കേണ്ട. തണുപ്പ് കൂടുമ്പോൾ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് പുത്തനുണർവ് നൽകും. പക്ഷേ മുഖത്തും കൈയിലുമൊക്കെ ചെറുചൂടുവെള്ളമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ ശരീരത്തിൽ സ്വാഭാവികമായുള്ള എണ്ണമയത്തെ അതില്ലാതാക്കും.

കുളിക്കുന്നതിന് മുമ്പായി അൽപം നല്ലെണ്ണയോ ഒലിവ് എണ്ണയോ ചൂടാക്കി ദേഹമാസകലം പുരട്ടി തിരുമ്മുക. അര മണിക്കൂറിന് ശേഷം കുറച്ച് കടലമാവ് ഉപയോഗിച്ച് തേച്ച് കുളിക്കുക. ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കുക. കോട്ടൺ വസ്ത്രങ്ങളാണ് മഞ്ഞുകാലങ്ങളിൽ ഉത്തമം. ത്വക്ക് ഉണങ്ങി വരണ്ടുപോയിട്ടുണ്ടെങ്കിൽ കുറച്ച് വെള്ളത്തിൽ ഉപ്പ് കലക്കി ഇരുപത് മിനിറ്റ് ബാത്ത് ടബ്ബിൽ കിടക്കുക. അതിനുശേഷം ശരീരത്തിലെ വെള്ളം തുടച്ചുകളഞ്ഞതിന് ശേഷം കുറച്ച് ഒലിവ് എണ്ണ ശരീരത്തിൽ പുരട്ടുക. ഇങ്ങനെ ദിവസം രണ്ടു പ്രാവശ്യം ചെയ്താൽ നിങ്ങളുടെ ചർമ്മം വരണ്ടുപോകുന്നതിനെ തടയുകയും തണുപ്പ് കാലത്ത് ത്വക്കിന് ഉണ്ടാകുന്ന ചൊറിച്ചിലിനെ അകറ്റുകയും ചെയ്യുന്നു. തണുപ്പ് കാലാവസ്ഥയിൽ ശക്തമായ ഷവർ വെള്ളത്തിൽ കുളിക്കുന്നത് സുഖകരമായി തോന്നും. എന്നാൽ ഇത് നിങ്ങളുടെ ചർമ്മത്തിന് അത്ര നല്ലതല്ല. ശക്തിയായുള്ള ഷവറിംഗ് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുകയേ ഉള്ളൂ.

മോയ്സ്ചറൈസ് ചെയ്യാം
ശരീരത്തിൽ സ്വാഭാവികമായി ജലാംശമുണ്ട്. പക്ഷേ മഞ്ഞു കാലത്ത് അത് വളരെ വേഗം നഷ്ടമാകും.പ്രത്യേകിച്ചും കുളികഴിയുമ്പോൾ ശരീരത്തിലെ എണ്ണമയം നഷ്ടമാകുന്നത് അമിത ജലനഷ്ടത്തിന് വഴി വയ്ക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ഓരോ തവണയും കുളികഴിഞ്ഞ് ഉടനെ ശരീരത്തിൽ മോയ്സ്ചറൈസർ പുരട്ടുക. ഇത് ശരീരത്തിലെ ജലാംശത്തെ ലോക്ക് ചെയ്യാൻ സഹായിക്കും.
പെട്രോളിയം ജെല്ലി ശരീരത്തിന്റെ ഉപരിതലത്തിൽ മാത്രം പ്രവർത്തിക്കുന്നതാണ്. തണുപ്പു കാലത്ത് അതുമാത്രം പോരാ. അതുകൊണ്ടു തന്നെ തണുപ്പ് കാലത്തെ മോയ്സ്ചറൈസിംഗിന് പ്രകൃതിദത്ത എണ്ണകളടങ്ങിയ മോയ്സ്ചറൈസിംഗ് ലോഷനുകൾ ഉപയോഗിക്കുക. അവ മികച്ച ഫലം തരും.
പകൽ മാത്രമല്ല ജലനഷ്ടമുണ്ടാകുന്നത് രാത്രിയിലും ശരീരത്തിൽ നിന്നും ജലം നഷ്ടമാകും. ശരീരത്തിലെ വരണ്ട ഭാഗങ്ങളായ കൈപ്പത്തി, കാൽപ്പാദം, കൈ,കാൽ മുട്ടുകൾ എന്നിവിടങ്ങളിൽ നിന്നും വളരെ വേഗം ജലം നഷ്ടമാകുന്നു. ഇത് തടയാൻ രാത്രിയിൽ ഈ ഭാഗങ്ങളിൽ മോയ്സ്ചറൈസിംഗ് ലോഷൻ പുരട്ടിയ ശേഷം കോട്ടൺ സോക്സ് ധരിച്ച് ഉറങ്ങാം.

വീടിന് പുറത്തിറങ്ങുമ്പോൾ
വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പിയും കുടയും ഗ്ലൗസും സ്‌കാർഫുമൊക്കെ കരുതണം. ഇവയൊക്കെ പൊടിയിൽ നിന്നും ചൂടിൽ നിന്നുമൊക്കെ രക്ഷിക്കും. പിന്നെ സൺസ്‌ക്രീൻ പുരട്ടാനും മറക്കണ്ട. സൂര്യനിൽ നിന്നു വരുന്ന ഹാനികരമായ കിരണങ്ങളിൽ നിന്നും സംരക്ഷിക്കും. തണുപ്പായതുകൊണ്ടു തന്നെ എല്ലാവർക്കും ചായയും കാപ്പിയുമൊക്കെ കുടിക്കാനാണ് താത്പര്യം. എന്നാൽ അവയിലെ ഘടകങ്ങൾ ശരീരത്തിലെ ജലാംശത്തെ താഴ്ത്താൻ കാരണമാകുന്നതിനാൽ ചായയുടേയും കോഫിയുടേയും അളവ് കുറച്ച് പകരം ചെറുചൂട് വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക.

നീക്കാം മൃതകോശങ്ങളെ
ശരീരം ശരിയായി ശ്വസിക്കാൻ ശരീരത്തിലെ മൃതകോശങ്ങൾ യഥാസമയം നീക്കം ചെയ്യണം. അതിന് ഓരോരുത്തരുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു സ്‌ക്രബ് തിരഞ്ഞെടുക്കണം. മോയ്സ്ചറൈസിംഗ് കോശങ്ങളിലെത്തണമെങ്കിൽ മൃതകോശങ്ങൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖത്തും കഴുത്തിലും ഉള്ള ചർമ്മ സംരക്ഷണത്തിനായി അൽപം കടലമാവ് തേച്ച് മുഖം വൃത്തിയായി കഴുകുക, അതിന് ശേഷം കുറച്ച് കോൾഡ് ക്രീം മുഖത്തും കഴുത്തിലും പുരട്ടുക. കോൾഡ്ക്രീം കണ്ണുകളുടെ ചുറ്റും പുരട്ടേണ്ടതാണ്. ഇത് കണ്ണുകളുടെ ചുറ്റും ഉണ്ടാകുന്ന ചുളിവുകളെ അകറ്റാൻ വേണ്ടിസഹായിക്കും. ക്രീം പുരട്ടി അരമണിക്കൂറിന് ശേഷം കുറച്ച് പഞ്ഞി ഉപയോഗിച്ച് തുടച്ചുമാറ്റാവുന്നതാണ്. കൈകളിലും കാലുകളിലും ഉള്ള ചർമ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേർത്ത് കൈകാലുകളിൽ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തിൽ കഴുകുക. കഴുകാൻ സോപ്പ് ഉപയോഗിക്കരുത്.
ചർമ്മം വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച തുടർച്ചയായി പാലിന്റെ പാട അര മണിക്കൂർ നേരം തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക. പുളിയാറില ഇട്ട് കാച്ചിയ മോര് കഴിക്കുന്നതും നല്ലതാണ്. ചുക്ക് കഷായം വെച്ചു കഴിക്കുക. എള്ള് അരച്ച് അതിൽ കുറച്ച് പഞ്ചസാര ചേർത്ത് ആട്ടിൻപാലിൽ കഴിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂൺ തേനും, കാൽ ടീസ്പൂൺ കാരറ്റിന്റെ നീരും ചേർത്ത മിശ്രിതം പുരട്ടി അര മണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെള്ളം കൊണ്ട് കഴുകി കളയുക. ഇങ്ങനെ ആഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യേണ്ടതാണ്. തണുപ്പുകാലത്ത് കാൽ വിണ്ടുകീറുന്നുണ്ടെങ്കിൽ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചെടുത്ത് കാലിൽ പുരട്ടി കുറച്ച് സമയം കഴിഞ്ഞാൽ കഴുകി കളയുക. ഇങ്ങനെ തുടർച്ചയായി പുരട്ടിയാൽ കാൽ വിണ്ടുകീറുന്നത് മാറിക്കിട്ടും.

അലർജിയെ സൂക്ഷിക്കാം
മഞ്ഞുകാലത്ത് ശരീരകലകൾ കൂടുതൽ ലോലമാകും. അതുകൊണ്ട് അലർജിയുണ്ടാക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളിൽ നിന്നും അകലം പാലിക്കുക. സോപ്പ്, ഷാംപൂ, ഡിറ്റർജെന്റ് തുടങ്ങിയവയെല്ലാം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കാം. ധാരാളം ജലാംശം അടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ ഉള്ളിൽ നിന്നും ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും. തണ്ണിമത്തൻ, ഓറഞ്ച്, കിവി, ആപ്പിൾ തുടങ്ങിയ ഫലങ്ങളും തക്കാളി, വെള്ളരി, സെലറി, സുക്കീനി,കാരറ്റ് തുടങ്ങിയ പച്ചക്കറികളും ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്താം. ശരീരത്തിനാവശ്യമായ വൈറ്റമിൻ സിയും സിങ്കും കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ത്വക്കിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന കൊളാജെന്റേയും ഇലാസ്റ്റിന്റേയും അടിസ്ഥാന ഘടകങ്ങളാണ് ഇവ.